Kerala

കോപ്പിയടിച്ചെന്ന് ആരോപിച്ച് ഇറക്കിവിട്ടതിന് പിന്നാലെ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

മീനച്ചിലാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷക്കിടെ ഇറക്കിവിട്ടതിന് പിന്നാലെ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനി അഞ്ജു ഷാജിയെയാണ് ശനിയാഴ്ച മുതൽ കാണാതായത്.

പ്രൈവറ്റ് കോളജിലെ ബിരുദ വിദ്യാർഥിനിയായ അഞ്ജു ഷാജിക്ക് ചേർപ്പുങ്കൽ ഹോളി ക്രോസ് കോളജാണ് പരീക്ഷാ കേന്ദ്രമായി ലഭിച്ചിരുന്നത്. ശനിയാഴ്ച്ച പരീക്ഷ എഴുതുന്നതിനിടെ കോപ്പിയടിച്ചെന്ന് പറഞ്ഞ് ക്ലാസിൽ നിന്ന് ഇറക്കിവിട്ടിരുന്നു. ശനിയാഴ്ച്ച സന്ധ്യ കഴിഞ്ഞും കുട്ടി വീട്ടിൽ എത്താതിരുന്നപ്പോൾ മാതാപിതാക്കൾ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ബാഗ് ചേർപ്പുങ്കലിലെ പാലത്തിൽ നിന്ന് കണ്ടെത്തി. മീനച്ചിലാറ്റിൽ ചാടിയിരിക്കാം എന്ന നിഗമനത്തിൽ ഫയർഫോഴ്‌സ് മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തി. എന്നാൽ രണ്ട് ദിവസം തിരഞ്ഞിട്ടും ഫലമുണ്ടായില്ല. ഇന്നാണ് മൃതദേഹം ലഭിച്ചത്.

കുട്ടി പരീക്ഷയെഴുതിയ ഹോളി ക്രോസ് കോളജിനെതിരെ കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി‍. വിദ്യാര്‍ഥിനിയെ കോളജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചെന്ന് പിതാവ് ഷാജി പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. മകള്‍ കോപ്പിയടിക്കില്ല, ഇത്രയും നാള്‍ നല്ല മാര്‍ക്കോടെയാണ് ജയിച്ചതെന്നും പിതാവ് പറഞ്ഞു.