India Kerala

ന്യൂനപക്ഷ ക്ഷേമപദ്ധതി വിധി; തുടര്‍നടപടി സ്വീകരിക്കാന്‍ തന്ത്രപരമായ സമീപനവുമായി സര്‍ക്കാര്‍

ന്യൂനപക്ഷ ക്ഷേമപദ്ധതിയിലെ ഹൈക്കോടതി വിധിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ തന്ത്രപരമായ സമീപനം സ്വീകരിച്ച് സര്‍ക്കാര്‍. അപ്പീല്‍ പോകണോ വേണ്ടയോ എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ മറ്റെന്നാള്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചു. സി.പി.എം, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ നിലപാടുകളെ ആകാംക്ഷയോടെ ഉറ്റ് നോക്കുകയാണ് സാമുദായിക സംഘടനകള്‍. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് 80:20 അനുപാതത്തില്‍ നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ കഴിഞ്ഞാഴ്ചയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

ജനംസഖ്യാടിസ്ഥാനത്തില്‍ ആനുകൂല്യം നല്‍കണമെന്നായിരിന്നു കോടതി വിധി. ഇതിനെതിരെ അപ്പീല്‍ പോകുന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് എല്‍.ഡി.എഫിലും യു.ഡി.എഫിലും ഉയര്‍ന്ന് വന്നത്. അപ്പീല്‍ പോകണമെന്ന് ലീഗും ഐ.എന്‍.എല്ലും ആവശ്യപ്പെട്ടപ്പോള്‍ വിധി നടപ്പാക്കണമെന്നായിരിന്നു ജോസ് കെ. മാണിയുടേയും പി.ജെ ജോസഫിന്‍റേയും നിലപാട്. സി.പി.എമ്മും സി.പി.ഐയും കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കിയിട്ടുമില്ല. തൊട്ടാല്‍ പൊള്ളുന്ന വിഷയമായത് കൊണ്ട് തനിയെ തീരുമാനമെടുക്കാതെ സര്‍വ്വകക്ഷിയോഗത്തിന്‍റെ അഭിപ്രായം തേടാനുള്ള തന്ത്രപരമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

മറ്റെന്നാള്‍ വൈകിട്ട് നടക്കുന്ന യോഗത്തില്‍ പൊതു അഭിപ്രായം പരിഗണിച്ച് അന്തിമ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ശ്രമം. 80:20 അനുപാതം തുടര്‍ന്നുകൊണ്ട് പോയിട്ട്, ക്രിസ്ത്യന്‍ സമുദായത്തിന്‍റെ പ്രശ്നങ്ങള്‍ പഠിക്കാനുള്ള കമ്മീഷന്‍റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം വേഗത്തില്‍ തുടര്‍നടപടി സ്വീകരിക്കാമെന്ന ആശയം സര്‍ക്കാരിലുണ്ടെന്നാണ് സൂചന. യോഗത്തിന് മുന്നോടിയായി അഭിപ്രായ ഐക്യം ഉണ്ടാക്കാനുള്ള നീക്കം മുന്നണികള്‍ ആരംഭിച്ചിട്ടുണ്ട്. സി.പി.എമ്മും സി.പി.ഐയും രണ്ട് ദിവസത്തിനുള്ളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ഹൈക്കോടതി വിധി നടപ്പാക്കണമെന്ന നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നത്