Kerala

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; അഭിപ്രായ ഐക്യമുണ്ടാക്കാന്‍ യുഡിഎഫ് യോഗം ചേര്‍ന്നേക്കും

ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ അഭിപ്രായ ഐക്യമുണ്ടാക്കാന്‍ യുഡിഎഫ് യോഗം രണ്ട് ദിവസത്തിനകം ചേര്‍ന്നേക്കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായും ഘടകകക്ഷികളുമായും ആശയവിനിമയം നടത്തി.

വിഷയത്തില്‍ പ്രതിപക്ഷ നേതാവിന് ജാഗ്രത കുറവുണ്ടായെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം ഉള്ളത്. യുഡിഎഫ് യോഗം ചേര്‍ന്ന് മുന്നണി നിലപാട് ഉടന്‍ അറിയിക്കണമെന്നാണ് നേതാക്കളുടെ അഭിപ്രായം. ഇല്ലെങ്കില്‍ ഇടതുപക്ഷം ഇത് രാഷ്ട്രീയ ആയുധമാക്കിയേക്കും. അതിനാല്‍ രണ്ട് ദിവസത്തിനുള്ളില്‍ യുഡിഎഫ് ചേര്‍ന്ന് നിലപാട് അറിയിച്ചേക്കും.

ഈ വിഷയത്തില്‍ പുതിയ ഫോര്‍മുല സര്‍ക്കാരിന് സമര്‍പ്പിക്കാനും സാധ്യതയുണ്ട്. ലീഗിന്റെ നിലപാടിനോട് പൂര്‍ണമായി യോജിച്ചാല്‍ ക്രൈസ്തവ വിഭാഗങ്ങള്‍ എതിരാകുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. അതിനാല്‍ സഭാ തലവന്‍മാരെയും കേരളാ കോണ്‍ഗ്രസിനെയും വിശ്വാസത്തിലെടുത്ത് മാത്രമേ തീരുമാനമുണ്ടാകുകയുള്ളൂ. ഇരുവിഭാഗങ്ങള്‍ക്കും പ്രത്യേകമായി പദ്ധതികള്‍ വേണമെന്ന അഭിപ്രായത്തോട് എല്ലാവരും യോജിക്കുന്നുണ്ട്. ആശയക്കുഴപ്പം നിലനില്‍ക്കെ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് കെപിസിസി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.