പ്രഥമ വനിതാ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മലയാളി ക്രിക്കറ്റ് താരം മിന്നു മണി പറഞ്ഞു. വനിതാ ഐപിഎൽ തുടങ്ങിയ ഈ വർഷം തന്നെ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായതിൽ ഒരുപാട് സന്തോഷമുണ്ട്. വളരെയധികം പ്രതീക്ഷയോടെ ടൂര്ണമെന്റിനെ നോക്കിക്കാണുന്നു എന്ന് മിന്നു വ്യക്തമാക്കി.
ആദ്യ കാലത്ത് അത്ലറ്റിക്സിൽ ആയിരുന്നു മിന്നു ശ്രദ്ധ നൽകിയിരുന്നത്. ആ സമയത്ത് നാട്ടിൽ ചേട്ടന്മാരുടെ കൂടെ കളിച്ചായിരുന്നു താരം ക്രിക്കറ്റിലേക്ക് എത്തിയത്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറായ എൽസമ്മ ടീച്ചർ വയനാട് ജില്ലാ ടീമിന്റെ സെലക്ഷന് വേണ്ടി കൊണ്ടുപോയതാണ് ജീവിതത്തിൽ വഴിത്തിരിവായതെന്ന് പറഞ്ഞു.
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ജില്ലാ തല മത്സരങ്ങളിലേക്ക് മിന്നു പോയിരുന്നു. ആ സമയത്ത് ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ കിട്ടി. തുടർന്ന് മാനന്തവാടിയിൽ നിന്ന് തൊടുപുഴയിലേക്ക് മാറിയത്. തൊടുപുഴ ക്രിക്കറ്റ് അക്കാദമിയിൽ നിന്നാണ് ഒൻപതും പത്തും പഠിച്ചത്. വയനാട് ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് പ്ലസ് ടു പൂർത്തിയാക്കി. തിരുവനന്തപുരം ക്രിക്കറ്റ് അക്കാദമിയിൽ ഡിഗ്രി ചെയ്തുവെന്നും താരം പറഞ്ഞു.
മലയാളി ഓൾ റൗണ്ടർ മിന്നു മണിയെ മുപ്പത് ലക്ഷം രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. പ്രഥമ വനിത ഐപിഎല്ലിൽ ഒരു ടീം സ്വന്തമാക്കുന്ന ആദ്യ മലയാളി താരമാണ് മിന്നു. ആഭ്യന്തര മത്സരങ്ങളിൽ കേരളത്തിനായി നടത്തുന്ന മികച്ച പ്രകടനകളാണ് ഐപിഎല്ലിലേക്ക് താരത്തെ എത്തിച്ചത്.