Kerala

മന്ത്രിമാർ നിയമസഭയിൽ വിളിച്ചത് പ്രകോപനം നിറഞ്ഞ മുദ്രാവാക്യങ്ങൾ; വിഡി സതീശൻ

മന്ത്രിമാർ ഉൾപ്പടെയുള്ളവർ നിയമസഭയിൽ പ്രകോപനം നിറഞ്ഞ മുദ്രാവാക്യങ്ങൾ വിളിച്ചാണ് പ്രതിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ‘രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് കാടത്തം’ എന്ന ബാനർ പിടിച്ചുകൊണ്ട് പ്രതിപക്ഷം നിയമസഭാ മന്ദിരം വിട്ട് പുറത്തേക്ക് വന്നതിന് ശേഷമാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ആക്രോശങ്ങളോടെയാണ് ഭരണപക്ഷ അം​ഗങ്ങൾ പ്രതിപക്ഷത്തോട് പെരുമാറിയത്. ആസൂത്രിതമായി നിയമസഭയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചത് ഭരണപക്ഷമാണ്. മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന എസ്എഫ്ഐ ആക്രമണം നിമയസഭയിൽ ചർച്ച ചെയ്യാൻ പോലും സർക്കാർ അനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ചാണ് സഭാനടപടികൾ സ്തംഭിപ്പിച്ച് പ്രതിപക്ഷം പുറത്തിറങ്ങിയതെന്നും സതീശൻ ആരോപിച്ചു.

പ്രതിഷേധങ്ങൾക്ക് ഒടുവിൽ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നിയമസഭാ നടപടികൾ പുനരാരംഭിച്ചപ്പോഴും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നതോടെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. സ്പീക്കളുടെ ഡയസിന് അരികിലെത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് അടിയന്തര പ്രമേയ നോട്ടിസ് പരിഗണിച്ചിരുന്നില്ല. ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കിയിരുന്നു. തുടർന്ന് സഭ പിരിയുകയായിരുന്നു.

വലിയ രാഷ്ട്രീയ വിവാദങ്ങൾക്കിടെ നിയമസഭയിലെ ദൃശ്യങ്ങളൊന്നും സഭാ ടി.വിയിൽ ലഭിക്കുന്നില്ല. നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങളൊന്നും മാധ്യമങ്ങൾക്ക് ലഭിക്കാത്ത അവസ്ഥയാണ്. ലൈവ് ദൃശ്യങ്ങൾ കൊടുക്കാതെ പഴയ ദൃശ്യങ്ങൾ മാത്രമാണ് സഭാ ടിവി വഴി മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകുന്നത്. ഇത് സാങ്കേതിക തകരാറാണോ ബോധപൂർവമാണോ എന്നത് വ്യക്തമല്ല. സെൻസറിം​ഗിന് സമാനമായ നിയന്ത്രണമാണ് സഭയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുത്ത ഏതാനും ദൃശ്യങ്ങൾ മാത്രമാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്.