Kerala

കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ സെൽഫ് ക്വാറന്‍റൈനിൽ

തൃശൂരില്‍ ഈ മാസം 15 ന് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. തൃശൂരില്‍ ഈ മാസം 15 ന് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയത്. ഇന്നലെ രാത്രിയാണ് മന്ത്രി സെൽഫ് ക്വാറന്റീനിൽ പോകാൻ തീരുമാനിക്കുന്നത്. തിരുവനന്തപുരത്തെ മന്ത്രി മന്ദിരത്തിലാണ് വി എസ് സുനിൽകുമാർ നിരീക്ഷണത്തിൽ കഴിയുന്നത്.

എത്ര ദിവസം നിരീക്ഷണം വേണമെന്ന് ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നതിന് ശേഷം അക്കാര്യത്തില്‍ തീരുമാനമെടുക്കും. ഹൈ റിസ്ക് പട്ടികയിലല്ല മന്ത്രി ഉള്ളത്. എങ്കിലും സുരക്ഷയുടെ ഭാഗമായി നിരീക്ഷണത്തില്‍ പോകാം എന്ന് മന്ത്രി തീരുമാനിക്കുകയായിരുന്നു.

തൃശൂർ ജില്ലയിൽ 16 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് മൂന്ന് പേർക്ക് രോഗം ബാധിച്ചത്. നിലവിൽ 105 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 37 പേർ രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ ഒമ്പത് പേർക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേർക്കും, സമ്പർക്കത്തിലൂടെ മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകരുടെ സസർക്കപ്പട്ടികയിലുണ്ടായിരുന്ന പൂമംഗലം, വെള്ളാങ്കല്ലൂർ, തൃശ്ശൂർ സ്വദേശികൾക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.