Kerala

കേന്ദ്രമന്ത്രി വി. മുരളീധരന്‍ കോവിഡ് 19 നിരീക്ഷണത്തില്‍

വിദേശയാത്ര നടത്തിയ ഡോക്ടര്‍ക്കൊപ്പം വി. മുരളീധരന്‍ ശ്രീചിത്രയില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

കേന്ദ്രമന്ത്രി വി മുരളീധരന്‍ കോവിഡ് 19 നിരീക്ഷണത്തില്‍. വിദേശയാത്ര നടത്തിയ ഡോക്ടര്‍ക്കൊപ്പം വി. മുരളീധരന്‍ ശ്രീചിത്രയില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. നിരീക്ഷണത്തില്‍ പോകാന്‍ വി. മുരളീധരന്‍ സ്വയം തീരുമാനിക്കുകയായിരുന്നു.

കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ 12ാം തീയതി ശ്രീചിത്രയില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അന്നത്തെ യോഗത്തില്‍ രോഗബാധിതനോ ബന്ധമുള്ളവരോ പങ്കെടുത്തില്ലെന്നായിരുന്നു ശ്രീചിത്ര ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വിശദീകരണം.

എന്നാല്‍ നിലവിലെ സാഹചര്യം മുന്‍നിര്‍ത്തി 14 ദിവസത്തെ ഹോം ക്വാറന്റൈനിന് വിധേയമാകാന്‍ മുരളീധരന്‍ സ്വയം സന്നദ്ധനാകുകയായിരുന്നു. ഡല്‍ഹിയിലെ വസതിയിലാണ് അദ്ദേഹം ഈ ദിവസങ്ങളില്‍ കഴിയുക.

നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഡോക്ടറുമായി ഏതെങ്കിലും തരത്തില്‍ നേരിട്ടുള്ള സമ്പര്‍ക്കം വി. മുരളീധരന് ഉണ്ടായിട്ടില്ല. എങ്കിലും മുന്‍കരുതലെന്ന നിലയ്ക്ക് 14 ദിവസത്തേക്ക് സ്വയം മാറിനില്‍ക്കാനാണ് അദ്ദേഹം തീരുമാനിച്ചിട്ടുള്ളത്.