കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ ചികിത്സയിലുള്ള തൃശൂര്‍ സ്വദേശി സുബീഷിനേയും കരള്‍ പകുത്ത് നല്‍കിയ ഭാര്യ പ്രവിജയേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വിഡിയോ കോളില്‍ സംസാരിച്ചു. രണ്ടുപേരും മന്ത്രിയുമായി സന്തോഷം പങ്കുവച്ചു. ഇരുവരുടേയും ആരോഗ്യനില ചോദിച്ചറിഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞ് നേരിട്ട് കാണാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറുമായും ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം ഡോ. സിന്ധുവുമായും മന്ത്രി സംസാരിച്ചു. രണ്ട് പേരേയും വെന്റിലേറ്ററില്‍ നിന്നും മാറ്റിയിട്ടുണ്ട്. ഇരുവരുടേയും ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായതിനാല്‍ സുബിന് അല്‍പനാള്‍ കൂടി തീവ്ര പരിചരണം ആവശ്യമാണ്.
ഇന്നലെ രാവിലെ 7 മണിക്കു മുന്‍പുതന്നെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ നടപടികള്‍ ആരംഭിച്ചിരുന്നു. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സജ്ജീകരണങ്ങളൊരുക്കുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ പല തവണ യോഗം ചേര്‍ന്നിരുന്നു. കൂടാതെ ഡോ. ജയകുമാറുമായും ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം ഡോ. സിന്ധുവുമായും നേരിട്ട് മന്ത്രി ആശയ വിനിമയം നടത്തി അവസാനഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.