Kerala

‘പ്രവീണ്‍നാഥ് രക്തസാക്ഷി, ഇനിയും ഇങ്ങനെയൊരു ദുരന്തത്തിന് ചോരക്കൊതിപൂണ്ട് അരങ്ങൊരുക്കരുത്’: സൈബര്‍ ബുള്ളിയിങിനെതിരെ മന്ത്രി ആര്‍ ബിന്ദു

പ്രവീണ്‍ നാഥിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ട്രാന്‍സ് വിഭാഗങ്ങളോട് നമ്മുടെ സമൂഹം പുലര്‍ത്തി വരുന്ന അവമതിപ്പാണ് ഇവിടെയും തെളിഞ്ഞു കണ്ടതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. പ്രവീണ്‍ നാഥിന്റേത് രക്തസാക്ഷിത്വമാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണങ്ങളും മാനഹത്യാ വാര്‍ത്തകളുമാണ് ട്രാന്‍സ്മാന്‍ പ്രവീണ്‍നാഥിന്റെ ജീവനൊടുക്കലില്‍ എത്തിച്ചത്. സമാനമായ സൈബര്‍ അധിക്ഷേപങ്ങളില്‍ മനസ് ചത്ത് ജീവിതം അവസാനിപ്പിച്ചവര്‍ വേറെയും എത്രയോ പേരുണ്ട്. ഇനിയും ഇത്തരമൊരു ദുരന്ത വാര്‍ത്തയ്ക്ക് അരങ്ങൊരുക്കാന്‍ ചോരക്കൊതിപൂണ്ട് നില്‍ക്കരുതെന്നും മന്ത്രി ഓര്‍മിപ്പിച്ചു. (Minister R Bindu facebook post on Praveennath suicide)

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട പ്രവീണ്‍നാഥിന്റെ അന്ത്യചടങ്ങുകള്‍ക്കു വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ മുന്‍കയ്യില്‍ ചെയ്തിട്ടുണ്ട്. ഉച്ചക്ക് 12 മുതല്‍ ഒരു മണി വരെ തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതു ദര്‍ശനത്തിന് അവസരമുണ്ടാക്കിയിട്ടുണ്ട്. ഉച്ചക്ക് മൂന്നു മണിക്ക് പാലക്കാട് നെന്മാറയിലെ വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

സമൂഹമാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണങ്ങളും മാനഹത്യാ വാര്‍ത്തകളുമാണ് ട്രാന്‍സ്മാന്‍ പ്രവീണ്‍നാഥിന്റെ ജീവനൊടുക്കലില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അതേപ്പറ്റി ചിലത് ഈയവസരത്തില്‍ പറയാതെ വയ്യ.ജീവിതപങ്കാളിയുമായുള്ള പിണക്കത്തിന്റെ ഒരു വൈകാരികവേളയില്‍ സാമൂഹ്യമാധ്യമങ്ങളിലിട്ട് വളരെപ്പെട്ടെന്നു തന്നെ പ്രവീണ്‍ പിന്‍വലിച്ച ഒരു പോസ്റ്റ് അനുചിതമായ ചര്‍ച്ചയായി പിന്നീട് മാറിയിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ട്രാന്‍സ് സമൂഹത്തെയാകെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലയാണ് പിന്നെയാ ചര്‍ച്ച ഉണ്ടാക്കിയത്. ട്രാന്‍സ് വിഭാഗങ്ങളോട് നമ്മുടെ സമൂഹം പുലര്‍ത്തി വരുന്ന അവമതിപ്പാണ് ഇവിടെയും തെളിഞ്ഞു കണ്ടത്. ഏറ്റവും പ്രാന്തവത്കൃതരും പൊതു പിന്തുണ അര്‍ഹിക്കുന്നവരുമായ ഒരു സമൂഹത്തില്‍ നിന്ന് സ്വപ്രയത്‌നം കൊണ്ടും എടുത്തു പറയേണ്ട ഇച്ഛാശക്തി കൊണ്ടും പൊതുസമൂഹത്തില്‍ സ്വന്തം ഇടം നേടിയെടുത്ത ഒരു പ്രതിഭയെയാണ് ഔചിത്യമോ നൈതികതയോ തീണ്ടാത്ത സൈബര്‍ ബുള്ളിയിംഗ് ജീവിതത്തില്‍ നിന്ന് നുള്ളിയിട്ടിരിക്കുന്നത്.
ഒരു തെരുവിലോ പൊതുസ്ഥലത്തോ സമയവും സ്ഥലവും ഒന്നും നോട്ടമില്ലാതെ അപഹസിക്കപ്പെടുകയും കയ്യേറ്റം വരെ നേരിടുകയും ചെയ്യുന്നവരാണ് ട്രാന്‍സ് സമൂഹം. അവര്‍ക്കു താങ്ങാവാന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി വരുമ്പോഴും അവ ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന നിലക്കാണ് സാമൂഹ്യനീതി വകുപ്പ് മുന്നോട്ടുപോകുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ അവര്‍ക്കുണ്ടാക്കാനും ഹെല്‍പ്പ് ലൈന്‍ പോലുള്ള പിന്തുണാ സംവിധാനങ്ങള്‍ കൊണ്ടുവരാനും വകുപ്പ് പരമാവധി ശ്രമങ്ങള്‍ നടത്തുന്നത് ഈ കാഴ്ചപ്പാടിലാണ്.

നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് ഇത്തരത്തില്‍ ഇക്കഴിഞ്ഞ ദിവസം സാമൂഹ്യനീതി വകുപ്പ് ഒരുക്കിയ ശില്പശാലയില്‍ മുന്‍ നിരയില്‍ത്തന്നെയിരുന്ന്, പ്രതീക്ഷയോടെയും ആവേശത്തോടെയും പങ്കാളിയായിരുന്ന പ്രവീണ്‍നാഥ് ഇപ്പോഴും കണ്‍മുന്നിലുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്നുള്ള പ്രയാസങ്ങളെ മറികടക്കാന്‍ സാമൂഹ്യനീതി വകുപ്പ് പൂര്‍ണ്ണപിന്തുണ നല്‍കിയതു തൊട്ട് ആ ബന്ധം വ്യക്തിപരമായും വകുപ്പു ചുമതലക്കാരിയെന്ന നിലയ്ക്കു പ്രവീണുമായി നിലനിര്‍ത്തിയിരുന്നു. മിസ്റ്റര്‍ കേരള പട്ടം നേടിയ ശേഷം കായികരംഗത്ത് കൂടുതല്‍ ഉയര്‍ച്ചയ്ക്ക് പിന്തുണ തേടിയപ്പോഴും അതുറപ്പാക്കാന്‍ വേണ്ടതു ചെയ്തിരുന്നു. മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രതിമാസം 32000 രൂപ വച്ച് ഏഴു മാസത്തേക്ക് 2,30,000 രൂപ പ്രവീണിന്റെ അഭ്യര്‍ത്ഥന പ്രകാരം നല്‍കിയിരുന്നു.
സര്‍ക്കാരിന്റെ പിന്തുണയ്‌ക്കൊപ്പം, വേദനാകരമായ ജീവിതസന്ദര്‍ഭങ്ങളെ അരികിലേക്കു മാറ്റി കഠിനപ്രയത്‌നം നടത്തിക്കൊണ്ടു കൂടിയാണ് ട്രാന്‍സ് സമൂഹത്തിന് ഇന്നത്തെ നിലയിലെങ്കിലും സമൂഹത്തില്‍ നിവര്‍ന്നു നില്‍ക്കാനാവുന്നതെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഈ ശ്രമങ്ങള്‍ക്കു പിന്നിലെ വ്യക്തിപരമായ യാതനകളും കൂട്ടുപ്രവര്‍ത്തനങ്ങളും എത്ര ശ്രമകരമാണെന്ന് ഏവരും മനസ്സിലാക്കേണ്ടതുണ്ട്.
ഇന്നു സമൂഹത്തില്‍ പരിഗണനയും തുല്യനിലയും നേടിയിട്ടുള്ള ഏതു സാമൂഹ്യവിഭാഗവും ഇത്തരം പീഡാനുഭവങ്ങളെ നേരിട്ടാണ് ഉയര്‍ന്നുവന്നിട്ടുള്ളതെന്ന് ഓരോരുത്തര്‍ക്കും സ്വന്തം ഉള്ളിലേക്കു നോക്കിയാല്‍ മനസ്സിലാകാവുന്നതേയുള്ളൂ.

നമ്മുടെ സമൂഹത്തിന്റെ ദൗര്‍ഭാഗ്യത്തിന്, അവരവര്‍ കടന്നുവന്ന വഴി പോലും കാണാന്‍ കഴിയാത്തവരുടെ എണ്ണം കുറയുകയല്ല, കൂടുകയാണ്. സൈബറിടങ്ങളിലെ വേട്ട മനസുകള്‍ അതിന് തികഞ്ഞ തെളിവാണ്. എന്നാല്‍, ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ ഭാഗമായ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഈ മനസിലാകല്‍ ഇല്ലാത്തവയാകുന്നത് പൊറുക്കാനാവുന്നതല്ല. പ്രവീണ്‍ നാഥിനുണ്ടായത് ഒറ്റപ്പെട്ട അനുഭവമല്ല തന്നെ. സമാനമായ അധിക്ഷേപങ്ങളില്‍ മനസ്സു ചത്ത് ജീവനവസാനിപ്പിച്ചവര്‍ വേറെയും എത്രയോ പേരുണ്ട്. അറിഞ്ഞായാലും അറിവില്ലായ്മ കൊണ്ടായാലും, സമൂഹത്തില്‍ നിന്നുള്ള പിന്‍വാങ്ങലിലേക്കും മരണത്തിലേക്കു തന്നെയും ഒരു ജനതയെ തള്ളിനീക്കുന്ന അസഹിഷ്ണുത ആധുനിക ജനാധിപത്യത്തിന് ഒട്ടും ചേരില്ല. അതിന് ചൂട്ടുപിടിക്കുന്ന മാധ്യമ സമീപനങ്ങള്‍ തിരുത്തേണ്ട നേരം അതിക്രമിച്ചു.
പ്രവീണ്‍നാഥിന്റെത് രക്തസാക്ഷിത്വമാണ്. ഇങ്ങനെയാരു കമ്യൂണിറ്റി നമുക്കൊപ്പം നമ്മില്‍ പെട്ടവരായി ജീവിക്കുന്നുണ്ടെന്ന് മനസ്സിലാക്കാനും അംഗീകരിക്കാനും തയ്യാറാത്തവരുടെയും ആ അറിവുകേടിന് കൂട്ടുനില്‍ക്കുന്ന ജീര്‍ണ്ണ മാധ്യമപ്രവര്‍ത്തനത്തിന്റെയും രക്തസാക്ഷിയാണവന്‍. ഇനിയും ഇത്തരമൊരു ദുരന്ത വാര്‍ത്തയ്ക്ക് അരങ്ങൊരുക്കാന്‍ പൊതുഇടങ്ങള്‍ ചോരക്കൊതിപൂണ്ടു നില്‍ക്കരുത്. ധാര്‍മ്മികമായ കരുത്തോടെ മലയാളിസമൂഹം അതിനുള്ള ജാഗ്രത കാണിക്കണമെന്നും പ്രവീണിന് അന്ത്യയാത്ര അര്‍പ്പിച്ച് അഭ്യര്‍ത്ഥിക്കട്ടെ.