India Kerala

വനിതാമതിലില്‍ പങ്കെടുത്തില്ല, തൊഴിലുറപ്പ് ജോലി നിഷേധിച്ചെന്ന് പരാതി

വനിതാമതിലില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചതായി പരാതി. കണ്ണൂര്‍ മയ്യില്‍ പഞ്ചായത്തിലെ കയരളം മേച്ചേരിയിലാണ് സംഭവം. തൊഴിലാളികള്‍ പഞ്ചായത്ത് സെക്രട്ടറിക്കും കലക്ടര്‍ക്കും പരാതി നല്‍കി.

മയ്യില്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് കയരളം മേച്ചേരിയിലെ മുപ്പതോളം തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ജോലി നിഷേധിക്കപ്പെട്ടത്. വനിതാ മതിലില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് ജോലി നിഷേധിക്കപ്പെട്ടതെന്ന് തൊഴിലാളികള്‍ പറയുന്നു. തുടര്‍ന്ന് തൊഴിലാളികള്‍ സംഘടിതമായി പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിച്ചു.

സി.പി.എം നിയന്ത്രണത്തിലുളള മയ്യില്‍ പഞ്ചായത്തില്‍ പാര്‍ട്ടി അനുഭാവികള്‍ അടക്കമുളള സ്ത്രീകളെയാണ് തൊഴിലുറപ്പ് ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തിയതായി പരാതി ഉയരുന്നത്. എന്നാല്‍ ആരോപണം ശരിയല്ലെന്നും മാസ്റ്റര്‍ റോളില്‍ പേരുളള എല്ലാവര്‍ക്കും തൊഴില്‍ നല്‍കുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് അടക്കമുളള സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി തീരുമാനിച്ചു.