Kerala

രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയത് 2019ലെ മന്ത്രിസഭാ യോഗ തീരുമാനപ്രകാരമെന്ന് റവന്യൂ മന്ത്രി

രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയതിനെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ വിശദീകരണവുമായി മന്ത്രി കെ രാജന്‍. പട്ടയം റദ്ദാക്കാന്‍ തീരുമാനമെടുത്തത് 2019ലെ മന്ത്രിസഭയാണെന്ന് അദ്ദേഹം വിശദീകരിച്ചു. പട്ടയത്തില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കുന്നതിന് വേണ്ടി മാത്രമാണ് നടപടി. അര്‍ഹതയുള്ളവര്‍ക്ക് പട്ടയം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടയത്തിന് അര്‍ഹതയുള്ളവര്‍ക്ക് നിലവില്‍ ഭൂമി വില്‍ക്കാനോ വായ്പ എടുക്കാനോ നികുതി അടയ്ക്കാന്‍ പോലുമോ കഴിയുന്നില്ല. ഈ അവസ്ഥ പരിഹരിക്കുന്നതിനാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളിലേക്ക് പോകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

രവീന്ദ്രന്‍ പട്ടയവിതരണത്തിന്റെ നടപടിക്രമങ്ങളിലെ വീഴ്ച പരിശോധിച്ച് അര്‍ഹരായ ആളുകള്‍ക്ക് പട്ടയം ഉറപ്പുവരുത്താനാണ് റവന്യൂ വകുപ്പിന്റെ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ വീഴ്ചകള്‍ പരിശോധിക്കാന്‍ 2019ല്‍ റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. പിന്നീട് ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത ക്യാബിനറ്റ് ഈ യോഗത്തിലെ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ അതേ വര്‍ഷം പ്രസിദ്ധീകരിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രവീന്ദ്രന്‍ പട്ടയങ്ങള്‍ പരിഷ്‌കരിക്കുന്നതിന് നിയോഗിക്കപ്പെട്ട സമിതി ഈ പട്ടയങ്ങള്‍ പരിശോധിച്ച് അനര്‍ഹരെ ഒഴിവാക്കി അര്‍ഹതയുള്ളവര്‍ക്ക് പട്ടയങ്ങള്‍ ലഭിക്കാന്‍ അവസരം ഒരുക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നെന്നും മന്ത്രി പറയുന്നു. 2019ലെ മന്ത്രിസഭയുടെ തീരുമാനം നടപ്പിലാക്കുന്നതിനായി അടിയന്തിര പ്രാധാന്യമുള്ള നിര്‍ദ്ദേശം നല്‍കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് കൂടിയാണ് റവന്യൂ വകുപ്പിന്റെ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

രവീന്ദ്രന്‍ പട്ടയം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിനെച്ചൊല്ലി ഇടതുമുന്നണിയില്‍ ചേരിപ്പോര് മുറുകുന്നതിനിടെയായിരുന്നു മന്ത്രിയുടെ വിശദീകരണം. ഉത്തരവിനെ വിമര്‍ശിച്ച് മുന്‍ മന്ത്രി എം എം മണിയും ഇടുക്കി സിപിഐഎം ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. പാര്‍ട്ടി ഓഫീസിലേക്ക് വന്നാല്‍ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് ജില്ലാ ഘടകം കടുത്ത ഭാഷയില്‍ താക്കീത് നല്‍കി. എന്നാല്‍ ഇവരുടെ നിലപാടിനെ തള്ളിക്കൊണ്ടാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത്. 2019ല്‍ മന്ത്രിസഭയാണ് രവീന്ദ്രന്‍ പട്ടയം റദ്ദാക്കലില്‍ തീരുമാനം എടുത്തത് എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന.

റവന്യൂ വകുപ്പിന്റെ ഉത്തരവിനെച്ചൊല്ലി സിപിഐയിലും ചേരിപ്പോര് കനക്കുന്നുണ്ട്. ഉത്തരവിനെതിരെ പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ റവന്യൂ വകുപ്പിന്റെ നടപടിയെ പരിപൂര്‍ണമായി പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. മുന്നണി തീരുമാനപ്രകാരം തന്നെയാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയതെന്നാണ് സിപിഐയുടെ പ്രസ്താവന.