India Kerala

ജമ്മുകശ്മീരിലെ അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

ജമ്മുകശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മരിച്ച ചിറ്റൂര്‍ സ്വദേശികളുടെ കുടുംബത്തിന് ധനസഹായം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. അതേസമയം അരകടത്തില്‍ മരിച്ച പാലക്കാട് സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ചിറ്റൂര്‍ സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഘ്‌നേഷ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ നാട്ടിലെത്തിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ശ്രീനഗറില്‍ നിന്നും പുറപ്പെട്ട മുംബൈ വഴിയുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചത്.

ശ്രീനഗര്‍ ലേ ദേശീയപാതയില്‍ വച്ചു ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു മലയിടുക്കിലേക്ക് മറിഞ്ഞായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ടാറ്റാ സുമോ വാഹനത്തില്‍ എട്ടുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഒഴികെ ഏഴുപേരും മലയാളികളായിരുന്നു. റോഡില്‍ നിന്നും ഏറെ താഴെയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്.