Kerala

‘അന്ത്യശാസനം തരാന്‍ പട്ടാളമല്ലല്ലോ’; ബിജെപി ബന്ധത്തിന്റെ പേരില്‍ സിപിഐഎം താക്കീത് നല്‍കിയെന്ന വാര്‍ത്ത തള്ളി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സിപിഐഎമ്മില്‍ നിന്നും ജെഡിഎസ് സംസ്ഥാന ഘടകത്തിന് അന്ത്യശാസനം ലഭിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ജെഡിഎസ് നേതാവും മന്ത്രിയുമായി കെ കൃഷ്ണന്‍കുട്ടി. ബിജെപിയുമായി തങ്ങള്‍ ബന്ധം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഈ വിഷയം ഒക്ടോബര്‍ ഏഴിന് ചേരുന്ന പാര്‍ട്ടി യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അന്ത്യശാസനം നല്‍കാന്‍ ഇത് പട്ടാളമല്ലെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു. (Minister K Krishnankutty denied the news that CPIM warns JDS on BJP ties)

ആശയപരമായി തങ്ങള്‍ക്ക് ബിജെപിയുമായി യോജിക്കാന്‍ സാധിക്കില്ലെന്നും ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്നുമാണ് മന്ത്രി വിശദീകരിക്കുന്നത്. ദേശീയ നേതൃത്വം എന്‍ഡിഎയ്ക്ക് ഒപ്പവും കേരള ഘടകം ഇടത് മുന്നണിയ്‌ക്കൊപ്പവും നില്‍ക്കുന്ന സംഘടനാപ്രശ്‌നം ഏഴാം തിയതി നടക്കുന്ന യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.

ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടത് മുന്നണിയില്‍ തുടരാനാകില്ലെന്ന് സിപിഐഎം ജെഡിഎസിനെ അറിയിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേരളം ഭരിക്കുന്നത് എന്‍ഡിഎ, എല്‍ഡിഎഫ് സഖ്യസര്‍ക്കാരാണെന്ന് പ്രതിപക്ഷം ആക്ഷേപിച്ചതിന് പിന്നാലെയായിരുന്നു സിപിഐഎമ്മിന്റെ താക്കീത്.

പ്രതിസന്ധിയ്ക്കിടെ പ്രശ്‌ന പരിഹാരത്തിന് തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ് ജെഡിഎസ് സംസ്ഥാന നേതൃത്വം. പ്രശ്‌നപരിഹാരത്തിന് ജെഡിഎസിനുള്ളില്‍ മുന്‍പും തിരക്കിട്ട ചര്‍ച്ചകള്‍ നടന്നിരുന്നതാണ്. എല്‍ജെഡി ആര്‍ജെഡിയുമായി ലയനമുറപ്പിച്ച സാഹചര്യത്തില്‍ ജെഡിഎസ് കൂടുതല്‍ പ്രതിസന്ധിയിലാകുകയായിരുന്നു. നിതീഷ് കുമാറിന്റെ പാര്‍ട്ടിയുമായി ചര്‍ച്ച നടത്താമെന്ന് നീലലോഹിതദാസന്‍ നാടാര്‍ ഉള്‍പ്പെടെ വാദിച്ചിരുന്നെങ്കിലും അടിയ്ക്കടി നിലപാട് മാറ്റുന്ന നിതീഷുമായി ചേരുന്നത് ആത്മഹത്യാപരമാകുമെന്നും ജെഡിഎസ് വിലയിരുത്തിയിരുന്നു.