കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് പൊതുമരാമത്ത് വകുപ്പിൽ 7500 കോടി രൂപയുടെ കോഴ ഇടപാടു നടന്നുവെന്ന് മന്ത്രി ജി. സുധാകരൻ. വിജിലൻസ് അന്വേഷണത്തിൽ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. സ്ഥലം മാറ്റം കിട്ടാൻ ഒരു എക്സിക്യൂട്ടീവ് എഞ്ചിനീയർ മൂന്ന് കോടി രൂപവരെ കൊടുക്കേണ്ടിയിരുന്നുവെന്നും സുധാകരൻ വെളിപ്പെടുത്തി. നിയമനത്തിനും സ്ഥലം മാറ്റത്തിനുമായി മുൻ സർക്കാറിന്‍റെ കാലത്ത് വൻതോതിൽ കോഴ ഇടപാട് നടന്നുവെന്നാണ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിയമസഭയെ അറിയിച്ചത്.
ഒരു വർഷം 1500 കോടി രൂപയെന്ന കണക്കിൽ അഞ്ച് വർഷം കൊണ്ട് 7500 കോടി രൂപയാണ് കോഴയായി പിരിച്ചിരുന്നത്. 2015ൽ വിജിലൻസ് ഡി.വൈ.എസ്.പി നൽകിയിരുന്ന റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ പരാമർശിച്ചിരുന്നു. എന്നാൽ അതിൽ നടപടികളൊന്നുമുണ്ടായില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിലെ അഴിമതി ഈ സർക്കാറിന് അവസാനിപ്പിക്കാൻ കഴിഞ്ഞു. മൂന്ന് വർഷത്തിനുളളിൽ 103പേരെ സസ്പെന്‍റ് ചെയ്തു. 371പേർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചുവെന്നും സുധാകരൻ നിയമസഭയെ അറിയിച്ചു.