പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് പ്രശ്നക്കാരനാണെന്ന് മന്ത്രി ജി സുധാകരന്‍. ടി.ഒ സൂരജിന്‍റെ 24 ഉത്തരവുകള്‍ താന്‍ റദ്ദാക്കിയിട്ടുണ്ട്. മരാമത്ത് പണികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കുന്നത് തെറ്റാണ്. വിജിലന്‍സ് അവരുടെ അന്വേഷണം തുടരട്ടെയെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ടി.ഒ സൂരജ് പാലാരിവട്ടം അഴിമതി കേസില്‍ റിമാന്റിലാണ്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയെന്ന് ടി.ഒ സൂരജ് പറഞ്ഞു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കാന്‍ കൊണ്ടുവരവെ ആയിരുന്നു സൂരജിന്റെ പ്രതികരണം.
പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് എട്ട് കോടി 25 ലക്ഷം രൂപ ആർ.ഡി.എസ് കമ്പനിക്ക് കരാറിന് വിരുദ്ധമായി നൽകിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ സൂരജ് വിശദീകരിക്കുകയുണ്ടായി. എന്നാല്‍ അന്തിമ തീരുമാനം തന്റേതായിരുന്നില്ല. പണം കമ്പനിക്ക് നൽകാൻ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്നും ടി.ഒ സൂരജ് നല്‍കിയ ഹരജിയില്‍ പറയുന്നു.