Kerala

‘മണ്ണെണ്ണ വിതരണം പ്രതിസന്ധിയിലാകില്ല’; കരുതലുള്ള മണ്ണെണ്ണ മഞ്ഞ കാര്‍ഡുകാര്‍ക്ക് പഴയ വിലയ്ക്ക് നല്‍കുമെന്ന് ജി ആര്‍ അനില്‍

സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം പ്രതിസന്ധിയിലാകില്ലെന്ന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കേരളത്തിന് 20,000 കിലോ ലിറ്റര്‍ മണ്ണെണ്ണ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇതോടെ മുന്‍പ് കേന്ദ്രവിഹിതം വെട്ടിക്കുറച്ചതുമൂലമുണ്ടായ സാഹചര്യം മറികടക്കാന്‍ സംസ്ഥാനത്തിന് സാധിക്കുമെന്നാണ് മന്ത്രി ട്വന്റിഫോറിനോട് വ്യക്തമാക്കിയത്. മാത്രമല്ല മണ്ണെണ്ണ കമ്പനികളുമായി സംസാരിച്ച് കൂടുതല്‍ മണ്ണെണ്ണ വാങ്ങാനുള്ള സാധ്യത നിലവിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കരുതല്‍ ശേഖരത്തിലുള്ള മണ്ണെണ്ണ ഈ മാസം 16 വരെ മഞ്ഞ കാര്‍ഡുകാര്‍ക്ക് പഴയ വിലയായ 53 രൂപയ്ക്ക് തന്നെ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മണ്ണെണ്ണയുടെ വില വര്‍ധനവ് അസഹനീയമാണെന്നാണ് മന്ത്രി പറഞ്ഞത്. വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് പൂര്‍ണമായും വിട്ടുകൊടുക്കുന്ന കേന്ദ്രത്തിന്റെ നയമാണ് വില ഈ വിധം വര്‍ധിക്കാനുള്ള കാരണം. വിഹിതം കുറച്ചുകൊണ്ടുവരികയാണ് കേന്ദ്രത്തിന്റെ നയമെന്നും മന്ത്രി വിമര്‍ശിച്ചു.

മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കണമെന്ന മന്ത്രിയുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രം കൂടുതല്‍ മണ്ണണ്ണ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം അനുവദിച്ച മണ്ണെണ്ണയുടെ ഒരു വിഹിതം നേരത്തെ നല്‍കാനും നിര്‍ദേശമുണ്ട്. എന്നാല്‍ വില ലിറ്ററിന് 81 രൂപയില്‍ കുറയില്ല. കേന്ദ്ര മന്ത്രാലയവും ഉന്നതതല ഉദ്യോഗസ്ഥരും ചേര്‍ന്ന യോഗത്തിലാണ് സംസ്ഥാനത്തിന് 20,000 കിലോ ലിറ്റര്‍ മണ്ണെണ്ണ അനുവദിക്കുമെന്ന തീരുമാനം കൈകൊണ്ടത്.