വിവാദങ്ങളില്‍ മറുപടിയുമായി മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര. ബാങ്ക് ലോക്കറില്‍ പോയത് പേരക്കുട്ടികളുടെ ആഭരണങ്ങള്‍ എടുക്കാനാണെന്ന് പി.കെ. ഇന്ദിര ട്വന്റിഫോറിനോട് പറഞ്ഞു.
” ഞാന്‍ എവിടെയും ക്വാറന്റീന്‍ ലംഘിച്ചിട്ടില്ല. ക്വാറന്റീനുണ്ടായിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരത്തുനിന്ന് വന്നത്. വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നത് ഞാനാണ്. ഞാന്‍ ക്വാറന്റീനിലാണെന്ന് ആരാണ് പറഞ്ഞത്. ആരെങ്കിലും ഇക്കാര്യം എന്നോട് വിളിച്ചു ചോദിച്ചോ. ?
എനിക്ക് രണ്ട് പേരക്കുട്ടികളാണുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച ബാങ്കില്‍ പോയിരുന്നു. പേരക്കുട്ടികളുടെ പിറന്നാളാണ് ഇരുപത്തിയഞ്ചിനും ഇരുപത്തിയേഴിനും അവര്‍ക്ക് കൊടുക്കാന്‍ അവരുടെ ആഭരണങ്ങള്‍ എടുക്കാനാണ് ബാങ്കില്‍ പോയത്. അടുത്ത ദിവസം തിരുവനന്തപുരത്തേക്ക് പോകേണ്ടിവരുമായിരുന്നു. തിരിച്ചുവരുന്നത് ഇരുപത്തിയഞ്ചിനു ശേഷം മാത്രമായിരിക്കും. അതുകൊണ്ടാണ് വ്യാഴാഴ്ച പോയി സ്വര്‍ണം എടുത്തത് ” എന്നും പി.കെ. ഇന്ദിര ട്വന്റിഫോറിനോട് പറഞ്ഞു.
ക്വാറന്റീന്‍ കാലവധി അവസാനിക്കുന്നതിന് മുന്‍പാണ് ഇന്ദിര കേരള ബാങ്കിന്റെ കണ്ണൂര്‍ ശാഖയിലെത്തിയതെന്നായിരുന്നു ആരോപണം. ബാങ്കിലെ മാനേജര്‍ കൂടിയായ ഇവര്‍ ലോക്കര്‍ തുറക്കുന്നതിനും മറ്റ് ഇടപാടുകള്‍ക്കുമായാണ് ബാങ്കിലെത്തിയത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ ഇ പി ജയരാജന്റെ മകന്‍ കൈപ്പറ്റിയന്ന ആരോപണത്തിനിടെയാണ് മന്ത്രിയുടെ ഭാര്യയുടെ ലോക്കര്‍ തുറക്കല്‍ വിവാദമായത്.