തിരുവനന്തപുരം കിഴക്കേകോട്ടയിൽ ബസ് സ്റ്റാൻഡിന് തൊട്ടടുത്തു പടർന്ന തീപിടുത്തം നിയന്ത്രവിധേയമാക്കി. ധാരാളം കടകൾ തിങ്ങിനിറഞ്ഞ സ്ഥിതി ചെയ്യുന്ന കിഴക്കേകോട്ടയിൽ ഒഴിവായത് വൻ ദുരന്തം. ആറ് കടകൾ കത്തിനശിച്ചെന്ന് സംഭവ സ്ഥലം സന്ദർശിച്ച മന്ത്രിമാരായ ആന്റണി രാജുവും വി. ശിവൻകുട്ടിയും മാധ്യമങ്ങളോട് വ്യക്തമാക്കി. വിഷയത്തിൽ കളക്ടറോട് റിപ്പോർട്ട് തേടുമെന്നും അവർ അറിയിച്ചു.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ വ്യപാര സമുച്ചയത്തിലെ ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. ഗ്യാസ് ലീക്കാവുന്നത് കണ്ടപ്പോൾ തന്നെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയെന്ന് ജീവനക്കാരൻ ട്വന്റിഫോറിനോട് പറഞ്ഞു. അപകടം നടന്നയുടനെ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറുടെയും ചുമട്ടു തൊഴിലാളികളുടെയും സമയോചിത ഇടപെടൽ രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടി. കിഴക്കോട്ടയിലെ കട സമുച്ചയത്തിൽ പിൻ വശത്തുള്ള കെട്ടിടങ്ങളിലേക്ക് പടരും മുൻപ് തീ അണയ്ക്കാൻ സാധിച്ചത് വൻദുരന്തമാണ് ഒഴിവാക്കിയത്. കടകളുടെ തൊട്ടു പിറകിൽ വലിയൊരു മാലിന്യകൂമ്പാരവും ഉണ്ട്. അവിടെ തീ പടർന്നിരുന്നെങ്കിൽ സ്ഥിതി വ്യത്യസ്തമായേനെ.
തീപിടുത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ ഫയർഫോഴ്‌സ് അന്വേഷണം നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പ്രാഥമികമായി കിട്ടിയ വിവരം അനുസരിച്ച് ചായക്കടയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കെഎസ്ആർടിസി ജീവനക്കാരും നാട്ടുകാരും പത്തോളം ഓഫീസർമാരും പോലീസും ഉൾപ്പെടയുള്ളവരെ സജീവ പ്രവർത്തനമാണ് തീയണയ്ക്കാൻ സഹായിച്ചത്. അന്വേഷണം നടത്തുന്നതിനായി ഫയർ ഫോഴ്‌സിനോടും റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടറോടും ആവശ്യപ്പെടുമെന്ന് ആന്റണി രാജു വ്യക്തമാക്കി.