India Kerala

മില്‍മ പാല്‍ ഇനി ഓണ്‍ലൈന്‍ വഴി വീട്ടിലെത്തും

മില്‍മ പാലും മറ്റ് പാല്‍ ഉല്‍പന്നങ്ങളും കൊച്ചിയില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാവും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി കെ. രാജു ഇന്ന് നിര്‍വ്വഹിക്കും.

മില്‍മ പാലും പാല്‍ ഉല്‍പന്നങ്ങളും മൈബൈല്‍ അപ്ലിക്കേഷന്‍ വഴി ആവശ്യാനുസരണം ഓര്‍ഡര്‍ ചെയ്യാനുള്ള സൌകര്യം ഇന്ന് മുതല്‍ കൊച്ചിയില്‍ ലഭ്യമാവും. എ.എം നീഡ്സ് എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്ക് മുന്‍കൂര്‍ പണമടച്ച് മില്‍മ ഉല്‍പന്നങ്ങള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ബുക്ക് ചെയ്യുന്ന ഉല്‍പന്നങ്ങള്‍ രാവിലെ അഞ്ച് മണിക്കും എട്ട് മണിക്കും ഇടയില്‍ ഉപഭോക്താക്കളുടെ കൈകളില്‍ എത്തും.

ഇതിന് പ്രത്യേകമായ ഫീസുകള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല. അദ്യഘട്ടത്തില്‍ ഇടപ്പള്ളി, കലൂര്‍, കളമശ്ശേരി, പാലാരിവട്ടം, വൈറ്റില, തൃപ്പുണിത്തുറ, കാക്കനാട്, പനമ്പള്ളി നഗര്‍, തേവര എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ സൌകര്യം ലഭ്യമാവും. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.രാജു നിര്‍വ്വഹിക്കും. രണ്ട് മാസം മുന്‍പ് തിരുവനന്തപുരത്ത് പദ്ധതി നടപ്പിലാക്കിയിരുന്നു. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് പദ്ധതി കൊച്ചിയിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.