India Kerala

മിൽമ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും

സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും. വില വർദ്ധനവ് അനിവാര്യമാണെന്ന് കാണിച്ച് മിൽമ ഫെഡറേഷൻ സർക്കാരിനെ സമീപിച്ചു. കാലിത്തീറ്റയടക്കമുള്ളവയുടെ വില വർദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണ് മില്‍മ ആവശ്യം ഉന്നയിക്കുന്നത്.

അവശ്യസാധനങ്ങളുടെ വില വർദ്ധനവിൽ പൊറുതിമുട്ടുന്നതിനിടെയാണ് മിൽമ പാലിന്റെ വില വർദ്ധിപ്പിക്കാനൊരുങ്ങുന്നത്. കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ളവയുടെ വില ഗണ്യമായി കൂടിയ സാഹചര്യത്തിൽ വില വർദ്ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നാണ് മിൽമയുടെ നിലപാട്. വില വർദ്ധിപ്പിക്കുക അല്ലെങ്കിൽ സർക്കാർ ഇൻസെന്റീവ് അനുവദിക്കുകയെന്നത് മാത്രമാണ് പോംവഴിയെന്ന് മിൽമ ചൂണ്ടിക്കാട്ടുന്നു.

നിരക്കു വർദ്ധന സംബന്ധിച്ച് ശാസത്രീയമായി പഠിക്കാൻ ഒരു സമിതിയെ മിൽമ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഇത് ലഭിച്ച ശേഷമേ ലിറ്ററിന് എത്ര രൂപ വർദ്ധിപ്പിക്കണമെന്ന് തീരുമാനിക്കൂ.