ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ രാജ്യത്ത് വീണ്ടും കേരളം ഒന്നാം സ്ഥാനത്തെത്തിയെന്ന് മന്ത്രി എംബി രാജേഷ്. മറ്റ് എല്ലാ സംസ്ഥാനങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം കേരളം സ്വന്തമാക്കിയത്. 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറു മാസത്തെ സോഷ്യല്‍ ഓഡിറ്റ് സംബന്ധിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്ക് അനുസരിച്ച്, കേരളം 99.5 % പഞ്ചായത്തുകളുടെയും സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭകളും പബ്ലിക് ഹിയറിംഗുകളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കേരളം 99.5% ഭൗതിക പുരോഗതി നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഒഡീഷയ്ക്ക് 64.8%വും മൂന്നാം സ്ഥാനത്തുള്ള ബിഹാറിന് 62.6% വും മാത്രമേ നേടാനായിട്ടുള്ളൂ. നാല് സംസ്ഥാനങ്ങള്‍ മാത്രമാണ് 60%ത്തിലധികം പുരോഗതി കൈവരിച്ചിട്ടുള്ളത്. പദ്ധതി നിര്‍വഹണത്തിലെ പോരായ്മ കണ്ടെത്താനും പരിഹാരം കാണാനും കേരളം നടത്തുന്ന ഈ കുറ്റമറ്റ ഇടപെടല്‍ ഒരിക്കല്‍ക്കൂടി രാജ്യത്തിന് മാതൃകയാവുകയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
സമ്പൂര്‍ണ സോഷ്യല്‍ ഓഡിറ്റ് സംസ്ഥാനമായി കേരളം ഉടനെ മാറും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളും ഇടുക്കി ജില്ലയിലെ ഒരു പഞ്ചായത്തുമാണ് ഇനി ബാക്കിയുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ പഞ്ചായത്തുകളുടെ സോഷ്യല്‍ ഓഡിറ്റ് കൂടി പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പിലാക്കുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി രാജേഷ് കുറിച്ചു.
2022-23ലും സമ്പൂര്‍ണ സോഷ്യല്‍ ഓഡിറ്റ് സംസ്ഥാനമാകാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. ഓരോ ആറുമാസത്തിലും പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ ഗ്രാമസഭകള്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണം എന്ന തൊഴിലുറപ്പ് നിയമത്തിലെ വ്യവസ്ഥ പൂര്‍ണമായും പാലിക്കാന്‍ കേരളത്തിന് കഴിയുന്നു. സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭകളും പബ്ലിക് ഹിയറിംഗുകളും സംഘടിപ്പിച്ചാണ് ഈ പ്രക്രീയ നടത്തുന്നത്.
തൊഴിലുറപ്പ് പദ്ധതിയുടെ സൂചികകളില്‍ മഹാഭൂരിപക്ഷത്തിലും കേരളമാണ് ഒന്നാം സ്ഥാനത്ത്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് രാജ്യത്ത് ആദ്യമായി ക്ഷേമനിധി ഏര്‍പ്പെടുത്തിയതും കേരളമാണ്. കുറ്റമറ്റതും സുതാര്യവുമായ നിര്‍വഹണത്തിലൂടെ തൊഴിലുറപ്പ് സോഷ്യല്‍ ഓഡിറ്റിംഗിലും കേരളം ഒരു മാതൃക സൃഷ്ടിക്കുകയാണെന്നും മന്ത്രി രാജേഷ് പറഞ്ഞു.