Kerala

ജെ. മേഴ്‍സിക്കുട്ടിയമ്മയും ഇ.എം.സി.സി കമ്പനി ഉടമയും ചർച്ച നടത്തുന്നതിന്‍റെ ഫോട്ടോ പുറത്ത് വിട്ട് ചെന്നിത്തല

ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇ.എം.സി.സിക്ക് കരാർ നല്‍കില്ലെന്ന് മന്ത്രി മേഴ്‍സിക്കുട്ടിയമ്മ. ഫിഷറീസ് വകുപ്പുമായി ഒരു കരാറും ഇ.എം.സി.സി ഉണ്ടാക്കിയിട്ടില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുന്നതാണ് എൽ.ഡി.എഫ് സർക്കാരിന്‍റെ നയം. അസന്‍റ് കേരളയില്‍ ധാരണപത്രം ഒപ്പിടുന്നത് എല്ലാം പ്രയോഗത്തില്‍ വരില്ല. ഇ.എം.സി.സി പ്രതിനിധി തന്നെ ഓഫീസിൽ വന്ന് കണ്ടിരുന്നു. എന്നാലത് കരാർ ഒപ്പിടലല്ല. എത്രയോ പേർ ഓഫീസില്‍ വന്ന് തന്നെ കാണാറുണ്ട്. ഫിഷറീസ് നയത്തില്‍ മാറ്റം വരുത്തി എന്ന ആരോപണം തെറ്റാണ് ഫിഷറീസ് നയം മന്ത്രിസഭ അംഗീകരിച്ചതാണെന്നും മേഴ്‍സിക്കുട്ടിയമ്മ മീഡിയവണിനോട് പറഞ്ഞു.

എന്നാല്‍ ആഴക്കടൽ മത്സ്യ ബന്ധനകരാര്‍ വിവാദത്തിൽ കൂടുതൽ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്തു വന്നു. മന്ത്രി ജെ. മേഴ്‍സിക്കുട്ടിയമ്മയുമായി ഇ.എം.സി.സി കമ്പനി ഉടമ ചർച്ച നടത്തുന്നതിന്‍റെ ഫോട്ടോ ചെന്നിത്തല പുറത്ത് വിട്ടു. ഫിഷറീസ് വകുപ്പ് ജോയിന്‍റെ സെക്രട്ടറിയും ചർച്ചയിൽ പങ്കെടുത്തു.

അമേരിക്കയിലെ ചർച്ചയുടെ ഫോട്ടോയും താമസിയാതെ ലഭിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ഇ.എം.സി.സി യുടെ കൻസപ്റ്റ് നോട്ടും ചെന്നിത്തല പുറത്ത് വിട്ടു. ഫിഷറീസ് വകുപ്പു മന്ത്രിയുമായി ചർച്ച നടത്തിയതായി ഇതിലും പറയുന്നു. സംശയ മുന മുഖ്യമന്ത്രിയിലേക്കാണെന്നും മുഖ്യമന്ത്രിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള കെ.എസ്.ഐ.എൻ.സി യുമായി കമ്പനി കരാർ ഒപ്പിട്ടെന്നും ചെന്നിത്തല ആരോപിച്ചു.

അതിനിടെ വിവാദത്തില്‍ പ്രതികരണവുമായി മത്സ്യത്തൊഴിലാളികളും രംഗത്തെത്തി. സമര പരിപാടികൾ തീരുമാനിക്കാൻ വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് കൊച്ചിയിൽ ചേരും. കരാറിനെക്കുറിച്ച് അറിയില്ലെന്ന മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ പ്രസ്താവന മുഖവിലയ്ക്കെടുക്കാൻ ആവില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. മത്സ്യബന്ധന മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന കരാറാണെന്നാണ് തൊഴിലാളി സംഘടനകളുടെ വിലയിരുത്തൽ. പുതിയ തീരുമാനത്തിലൂടെ കേരളത്തിന്‍റെ കടൽ തീരം കൊള്ളയടിക്കപ്പെടുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ആരോപിച്ചു.