Kerala

”ശുദ്ധ അസംബന്ധം”; ചെന്നിത്തലക്ക് മറുപടിയുമായി മേഴ്‌സിക്കുട്ടിയമ്മ

ഇ.എം.സി.സി വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവ് പറയുന്നത് ശുദ്ധ അസംബന്ധമാണ്.

ഇ.എം.സി.സിയുമായി ബന്ധപ്പെട്ട് അമേരിക്കയിൽ ചർച്ച നടന്നിട്ടില്ല. അമേരിക്കയിലേക്ക് പോയത് യു.എൻ പരിപാടിക്കാണ്. പ്രതിപക്ഷ നേതാവ് സ്വപ്നയെ കണ്ടാൽ അതിന് അർഥം സ്വർണക്കടത്തിന് പിന്നിൽ അദ്ദേഹമെന്നാണോയെന്നും മന്ത്രി ചോദിച്ചു.

കേരളത്തിൽവെച്ച് ഇ.എം.സി.സി അധികൃതർ തന്നെ വന്ന് കണ്ടിരുന്നു. എന്നാൽ അപ്പോൾ തന്നെ പറ്റില്ലെന്ന് പറഞ്ഞിരുന്നു. വിദേശട്രോളുകൾ കേരള തീരത്ത് പാടില്ലെന്നാണ് നയം. ആഴക്കടൽ മത്സ്യബന്ധ നയം മാറ്റികൊണ്ട് ഒരു കമ്പനിയുമായും കരാറിൽ ഏർപ്പെടില്ല. പ്രതിപക്ഷ നേതാവിന്റെ നയ ദുർവ്യഖ്യാനത്തെ നമിക്കുന്നുവെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ആരെങ്കിലും വന്ന് ധാരണാപത്രം ഒപ്പുവെച്ചാൽ അത് കേരളത്തിൽ നടപ്പിലാവില്ല. ചില ഉദ്യോഗസ്ഥർക്കുള്ള പൂതി ഇവിടെ നടപ്പാവില്ല. കെ.എസ്.ഐ.എൻ.സി ധാരണാപത്രം ഒപ്പുവെക്കുന്നത് ഫിഷറീസ് മന്ത്രി അറിയേണ്ട കാര്യമില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.