Kerala

ചെല്ലാനം​ തീരദേശത്തുള്ളവർ മാറിത്താമസിക്കുകയല്ലാതെ മറ്റ്​ വഴിയില്ല -മന്ത്രി മേഴ്​സിക്കുട്ടിയമ്മ

18,000 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചേ മതിയാവൂ എന്നാണ്​ സർക്കാർ കണക്കാക്കുന്നത്​. തിരുവനന്തപുരത്ത്​ 1000ത്തിലേറെ പേരെ മാറ്റി പാർപ്പിച്ചു കഴിഞ്ഞു

ചെല്ലാനം കടപ്പുറത്തെ​ കടൽക്ഷോഭത്തിന്​ കടൽത്തീരത്ത്​ 50 മീറ്റർ പരിധിയിലുള്ള താമസക്കാർ മാറിത്താമസിക്കുകയല്ലാതെ മറ്റ്​ വഴികളില്ലെന്ന്​ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മ. നിലവിൽ ​കടൽക്ഷോഭത്തി​ൽ ദുരിതമനുഭവിക്കുന്നവരെ കോവിഡ്​ മാനദണ്ഡങ്ങൾക്ക്​ വിധേയമായി മാറ്റി പാർപ്പിച്ചിട്ടുണ്ട്​. സെന്റ്​ മേരീസ്​ സ്​കൂളിലാണ്​ അതിന്​ സൗകര്യമൊരുക്കിയതെന്നും കോവിഡുമായി ബന്ധപ്പെട്ട്​ നിരീക്ഷണത്തിലാക്കേണ്ടവരെ സെന്റ്​ സേവിയേഴ്​സ്​ സ്​കൂളിലാണ്​ പാർപ്പിച്ചതെന്നും മേഴ്​സിക്കുട്ടിയമ്മ വ്യക്തമാക്കി. മീഡിയ വൺ ചാനലിനോട് സംസാരിക്കുകയായിരുന്നു മന്ത്രി.

18,000 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചേ മതിയാവൂ എന്നാണ്​ സർക്കാർ കണക്കാക്കുന്നത്​. തിരുവനന്തപുരത്ത്​ 1000ത്തിലേറെ പേരെ മാറ്റി പാർപ്പിച്ചു കഴിഞ്ഞു. കൊല്ലത്ത്​ നിരവധി ​കുടുംബങ്ങളുടെ പുനരധിവാസം നടപ്പിലായി. എല്ലാ ജില്ലകളിലും ഈ പദ്ധതിയുണ്ട്​. എന്നാൽ പദ്ധതിയുമായി തീരെ സഹകരിക്കാത്തത്​ എറണാകുളം ജില്ലയാണ്​. തീരത്തു തന്നെ താമസിക്കണമെന്നാണ് അവർ​ പറയുന്നത്​. അങ്ങനെ വാശി പിടിച്ചിട്ട്​ കാര്യമില്ല. അവർ ദുരന്തത്തി​ന്റെ നടുവിലാണ്​. അവിടെ നിന്ന്​ മാറി താമസി​ച്ചേ മതിയാവൂ. അവിടെ സ്ഥലം ക​ണ്ടെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്​. ഒരു കിലോമീറ്റർ അകലേക്ക്​ മാറിയാലും കടലിൽപോകുന്നതിന്​ തടസമാവില്ല. കോവിഡ്​ പ്രശ്​നത്തി​ന്റെ നടുവിൽ അവിടെയുള്ളവരെ മാറ്റുന്നത്​ പ്രായോഗികമല്ലെന്നും മന്ത്രി വ്യക്തമാക്കി.