Kerala

ദൈവം അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ച ആ ചാരന്‍ ഓര്‍മയായി; ആ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങള്‍ ബാക്കിയാക്കി…

ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ് കാമറയുമായി ദൈവം അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ച ഒരു ചാരനുണ്ട്, അങ്ങനെ വിശേഷിപ്പിക്കാം ഇന്ന് ഓര്‍മയായി പുനലൂര്‍ രാജനെന്ന ഫോട്ടോഗ്രാഫറെ

ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ് കാമറയുമായി ദൈവം അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ച ഒരു ചാരനുണ്ട്, അങ്ങനെ വിശേഷിപ്പിക്കാം ഇന്ന് ഓര്‍മയായ പുനലൂര്‍ രാജനെന്ന ഫോട്ടോഗ്രാഫറെ. ഈ വിശേഷണം പുനലൂര്‍ രാജന് നല്‍കിയത് മറ്റാരുമല്ല, മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരന്‍ എം. ടി വാസുദേവന്‍ നായരാണ്.

എംടിയുടെ വിശേഷണം അത്രമേല്‍ സൂക്ഷ്മമാണെന്നതിന് പുനലൂര്‍ രാജന്‍റെ കാമറ പകര്‍ത്തിയ ചിത്രങ്ങള്‍ തന്നെ തെളിവ്… കോഴിക്കോട് ഒളവണ്ണയിലായിരുന്നു മുറപ്പെണ്ണിന്‍റെ ഷൂട്ടിംഗ്, ഓളവും തീരവും നിലമ്പൂരില്‍, നിര്‍മാല്യം, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ തുടങ്ങി സിനിമയുടെ ഷൂട്ടിംഗായാലും അനുബന്ധ ചടങ്ങുകളായാലും ഒരു പ്രത്യേക ക്ഷണം എംടിയുടെ വക പുനലൂര്‍ രാജനുണ്ടായിരുന്നു… ആ സിനിമകളുമായി ബന്ധപ്പെട്ട മനോഹര നിമിഷങ്ങളെല്ലാം അങ്ങനെ പുനലൂര്‍ രാജന്‍ തന്‍റെ കാമറയിലാക്കി സൂക്ഷിച്ചു വെച്ചു. ആ ഓര്‍മകളെ ഫോട്ടോകളായി പിന്നീട് കാണുന്ന എംടി, പുനലൂര്‍ രാജനെ, ദൈവത്തിന്‍റെ ചാരനെന്ന് സ്‍നേഹത്തോടെ വിശേഷിപ്പിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ..

ദൈവം അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ച ആ ചാരന്‍ ഓര്‍മയായി; ആ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങള്‍ ബാക്കിയാക്കി...

കോഴിക്കോടിന്‍റെ സാഹിത്യചരിത്രം അറിയണമെങ്കില്‍, പുനലൂര്‍ രാജന്‍റെ ഫോട്ടോകള്‍ മാത്രം ഗവേഷണത്തിന് വിഷയമാക്കിയാല്‍ മതിയാവും പുതിയ തലമുറയ്ക്ക്. 1963ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫറായെത്തിയതോടെയാണ് കോഴിക്കോട് അദ്ദേഹത്തിന്‍റെ തട്ടകമായി മാറുന്നത്. 1994-ലാണ് അദ്ദേഹം മെഡിക്കല്‍ കോളജില്‍ നിന്ന് വിരമിക്കുന്നത്.

സ്കൂൾ പഠനകാലത്തുതന്നെ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ആരാധകനായിരുന്നു പുനലൂര്‍ രാജൻ. കോഴിക്കോട്ടെത്തിയതോടെ ബഷീറിന്‍റെ സന്തതസഹചാരിയായി മാറി അദ്ദേഹം. അതുകൊണ്ടാവണം, അദ്ദേഹത്തിന്‍റെ കാമറയില്‍ ഏറ്റവും കൂടുതല്‍ പതിഞ്ഞത് മലയാളികളുടെ പ്രിയ ബേപ്പൂര്‍ സുല്‍ത്താന്‍ തന്നെ ആയിരുന്നു. ബഷീറിന്‍റെ കറുപ്പിലും വെളുപ്പിലും പതിഞ്ഞ എല്ലാ ഫോട്ടോകള്‍ക്ക് പിന്നിലും ഈ ഫോട്ടോഗ്രാഫറുടെ കയ്യൊപ്പുണ്ടായിരുന്നു. പുനലൂരില്‍ നിന്ന് കോഴിക്കോട് എത്തിയ പുനലൂര്‍ രാജനെ പിന്നീട് കോഴിക്കോട്ടുകാരനാക്കി മാറ്റിയതും ബഷീര്‍ തന്നെ ആയിരുന്നു.

ദൈവം അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ച ആ ചാരന്‍ ഓര്‍മയായി; ആ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങള്‍ ബാക്കിയാക്കി...

കോഴിക്കോട്ടെ പരിപാടികളിലെല്ലാം രാജന്‍ അങ്ങനെ കാമറയുമായെത്തി. അതൊരിക്കലും രാജന് വരുമാനമാര്‍ഗമായിരുന്നില്ല. പടങ്ങള്‍ക്ക് കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കാന്‍ കഴിയുമെന്നല്ലേ… അതുകൊണ്ട് അതെല്ലാം തന്‍റെ മാനസിക സന്തോഷം മാത്രമായിരുന്നുവെന്ന് പുനലൂര്‍ രാജന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.

ബഷീറിനെയും എംടിയെയും കൂടാതെ, തകഴി, ജോസഫ് മുണ്ടശ്ശേരി, എ.കെ.ജി., ഇ.എം.എസ്., ഇന്ദ്രജിത്ത് ഗുപ്ത, എസ്.എ. ഡാങ്കേ, സി. അച്യുതമേനോൻ, എം.എൻ. ഗോവിന്ദൻനായർ, പി.കെ. വാസുദേവൻ നായർ, ഇടശ്ശേരി, അക്കിത്തം, ഉറൂബ്, പൊൻകുന്നം വർക്കി, എൻ.വി. കൃഷ്ണവാരിയർ, കേശവദേവ്, സുകുമാർ അഴീക്കോട്, യേശുദാസ്, അടൂർ ഗോപാലകൃഷ്ണൻ, തിക്കോടിയൻ, പട്ടത്തുവിള കരുണാകരൻ, കെ.എ. കൊടുങ്ങല്ലൂർ, എസ്.കെ. പൊറ്റെക്കാട്ട്, വി. അബ്ദുല്ല, എൻ.പി. മുഹമ്മദ് തുടങ്ങിയവരുമായൊക്കെ അടുക്കാനും അവരുടെ അനശ്വരമുഹൂർത്തങ്ങൾ പകർത്താനും രാജന് അവസരമുണ്ടായി. ടി. ദാമോദരൻ, പി.എ. ബക്കർ, പവിത്രൻ, ജോൺ എബ്രഹാം, ചെലവൂർ വേണു തുടങ്ങി ചലച്ചിത്ര പ്രവര്‍ത്തകരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു പുനലൂര്‍ രാജന്‍.

ദൈവം അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ച ആ ചാരന്‍ ഓര്‍മയായി; ആ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങള്‍ ബാക്കിയാക്കി...

മരണം കാമറയില്‍ പകര്‍ത്തേണ്ടിവന്ന വിചിത്ര അനുഭവവും ഈ ഫോട്ടോഗ്രാഫര്‍ക്കുണ്ട്. കോഴിക്കോട് യൂണിവേഴ്‍സിറ്റിയില്‍ നടന്ന പരിപാടിക്കിടെ കെ എന്‍ എഴുത്തച്ഛന്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞുവീണ് മരിച്ച ദിവസം, മറ്റനേകം ഫോട്ടോഗ്രാഫര്‍മാര്‍ അന്ന് അവിടെ ഉണ്ടായിരുന്നെങ്കിലും ആ മരണം പതിഞ്ഞത് പുനലൂര്‍ രാജന്‍റെ കാമറയില്‍ മാത്രമായിരുന്നു.

മോസ്കോ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിമോട്ടോഗ്രഫിയിൽ പുനലൂര്‍ രാജന്‍ മൂന്നുകൊല്ലം സിനിമാട്ടോഗ്രഫി പഠിച്ചിരുന്നു. സ്വന്തമായി സിനിമയെടുക്കുക എന്ന ലക്ഷ്യത്തോടെ കമ്യൂണിസ്റ്റ് പാർട്ടിയാണ് സിനിമാപഠനത്തിനായി രാജനെ റഷ്യയിലേക്കയച്ചത്. കെ.പി.എ.സിയുടെ നേതൃത്വത്തില്‍ സിനിമയെടുക്കണമെന്ന പാര്‍ട്ടിയുടെ തീരുമാനമായിരുന്നു അതിന് പിന്നില്‍. പക്ഷേ, പഠനം പൂർത്തിയാക്കി രാജൻ നാട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും സിനിമ എടുക്കണമെന്ന തീരുമാനം പാര്‍ട്ടി ഉപേക്ഷിച്ചിരുന്നു.

ദൈവം അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ച ആ ചാരന്‍ ഓര്‍മയായി; ആ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങള്‍ ബാക്കിയാക്കി...

‘ബഷീർ: ഛായയും ഓർമയും’, ‘എം.ടി.യുടെ കാലം’ എന്നിവയാണ് രാജന്‍റെ പുസ്തകങ്ങൾ . മാതൃഭൂമി പത്രത്തിൽ ‘ഇന്നലെ’, ആഴ്ചപ്പതിപ്പിൽ ‘അനർഘനിമിഷങ്ങൾ’ എന്നീ പംക്തികളും കൈകാര്യം ചെയ്തിരുന്നു. ‘മഹായുദ്ധത്തിന്‍റെ മുറിപ്പാടുകൾ’ എന്ന ചിത്രത്തിന് സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ് ലഭിച്ചിട്ടുണ്ട്. രണ്ടാംലോകയുദ്ധം കുഴച്ചുമറിച്ചിട്ട പ്രദേശങ്ങളിൽ സഞ്ചരിച്ച് തയ്യാറാക്കിയതാണ് ഈ ചിത്രം.

ഡിജിറ്റല്‍ കാമറകളുടെ രംഗപ്രവേശത്തോടു കൂടിയാണ് പുനലൂര്‍ രാജന്‍ പതിയെ പടമെടുപ്പില്‍ നിന്ന് പിന്‍വാങ്ങുന്നത്. അല്ലെങ്കിലും ഡിജിറ്റല്‍ ഫോട്ടോഗ്രഫി പോലെയല്ല അന്നത്തെ ഫോട്ടോകള്‍, ഒരുപാട് കണക്കുകൂട്ടലുകളില്‍, കണ്ണും മനസ്സും തുറന്നുവെച്ച് ഒരു കണ്ണ് അടച്ചുവെച്ച് ഒറ്റ ക്ലിക്കില്‍ തീര്‍ത്ത ഇതിഹാസങ്ങളായിരുന്നു അവയെല്ലാം.