Kerala

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക്; കേന്ദ്രനടപടിക്കെതിരായ ഹര്‍ജികള്‍ സുപ്രിംകോടതിയില്‍

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മീഡിയവണ്‍ ചാനല്‍ മാനേജ്‌മെന്റ്, എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തുടങ്ങിയവരുടെ ഹര്‍ജികളാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.

ചാനലിന്റെ ലൈസന്‍സ് ഏകപക്ഷീയമായി റദ്ദാക്കിയെന്നും, നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ചാനലിന്റെ പ്രവര്‍ത്തനം വിലക്കിയ നടപടി കഴിഞ്ഞ മാര്‍ച്ച് പതിനഞ്ചിന് സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു. രേഖകളും റിപ്പോര്‍ട്ടുകളും മുദ്രവച്ച കവറുകളില്‍ സമര്‍പ്പിക്കുന്നതിന്റെ നിയമ സാധുത പരിശോധിക്കുമെന്നും സൂചിപ്പിച്ചിരുന്നു.