ഇന്ന് മെയ്ദിനം. തൊഴിലാളി ശക്തി വിളിച്ചോതി ലോകമാകെ മെയ്ദിനം ആഘോഷിക്കുകയാണ്. സംസ്ഥാനത്ത് വിവിധ തൊഴിലാളി സംഘനകളുടെ നേതൃത്വത്തില്‍ മെയ്ദിന റാലികള്‍ നടന്നു.
ഡല്‍ഹി എ.കെ.ജി ഭവനില്‍ സി.പി.എം പി.ബി അംഗം പ്രകാശ് കാരാട്ടാണ് പതാക ഉയര്‍ത്തിയത്. മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ തൊഴിലാളിവര്‍ഗ്ഗം നിര്‍ണ്ണായകമായ പങ്കുവഹിക്കുമെന്ന് കാരാട്ട് പറഞ്ഞു. തിരുവനന്തപുരത്ത് ഐ.എന്‍.ടി.യു.സി സംഘടിപ്പിച്ച മെയ്ദിന റാലി കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ ഫ്ലാഗ് ഓഫ് ചെയ്തു.
മ്യൂസിയം ജംഗ്ഷനില്‍ നിന്നാരംഭിച്ച റാലി സെക്രട്ടേറിയേറ്റിലാണ് സമാപിച്ചത്. തിരുവനന്തപുരം മോട്ടോര്‍ ലേബേഴ്സ് കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലി കെ മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് വിവിധ തൊഴിലാളി സംഘടനകൾ സംയുക്തമായി 22 കേന്ദ്രങ്ങളിൽ മെയ് ദിന റാലികൾ നടത്തി. ഹൈക്കോടതി കവലയിൽ നിന്നാരംഭിച്ച പ്രധാന റാലി കലൂരിൽ സമാപിച്ചു. കോട്ടയം പാമ്പാടിയില്‍ നടന്ന മെയ്ദിന റാലിയില്‍ ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്തു.
കൊല്ലത്ത് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, യു.റ്റി.യു.സി തുടങ്ങിയ തൊഴിലാളി സംഘടനകൾ മെയ്ദിന റാലി നടത്തി. കലക്ട്രേറ്റ്, റെസ്റ്റ് ഹൗസ് എന്നിവക്ക് മുന്നിൽ നിന്ന് ആരംഭിച്ച റാലി ചിന്നക്കടയിൽ സമാപിച്ചു.