ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ തവണയും കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിച്ച മണ്ഡലമാണ് മാവേലിക്കര. എന്നാല്‍ അട്ടിമറി ജയത്തിലൂടെ ഇടതിനൊപ്പം നിന്ന ചരിത്രവും മാവേലിക്കരക്കുണ്ട്. 3 ജില്ലകളിലായി ചിതറിക്കിടക്കുന്ന മണ്ഡലത്തില്‍ സാമുദായിക വോട്ടുകളും നിര്‍ണായകമാണ്.
1951ലും 57ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ തിരുവല്ല, അടൂര്‍ മണ്ഡലങ്ങളിലായിരുന്നു ഇന്നത്തെ മാവേലിക്കര. ഇതില്‍ മാവേലിക്കരയുടെ ഭൂരിഭാഗം പ്രദേശങ്ങളും തിരുവല്ല ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. 1962ല്‍ തിരുവല്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും അടര്‍ത്തിയെടുത്താണ് മാവേലിക്കരയെന്ന ലോക്സഭാ മണ്ഡലത്തിന്റെ രൂപീകരണം.
62 മുതല്‍ 2014 വരെ നടന്ന 14 തെരഞ്ഞെടുപ്പുകളില്‍ 10 തവണ മണ്ഡലം കോണ്‍ഗ്രസിനൊപ്പം നിന്നു. ഇതില്‍ അഞ്ച് തവണ മണ്ഡലത്തില്‍ നിന്നും ജയിച്ചുകയറിയത് മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭാ ഉപാധ്യക്ഷനുമായിരുന്ന പി.ജെ കുര്യനാണ്. 1980ല്‍ ഇവിടെ നിന്ന് ജയിച്ച പി.ജെ കുര്യന്‍ 1989 മുതല്‍ 1999 വരെ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ചു.
1999ലെ തെരഞ്ഞെടുപ്പില്‍ നാട്ടുകാരനായ രമേശ് ചെന്നിത്തലയെ രംഗത്തിറക്കിയാണ് കോണ്‍ഗ്രസ് കോട്ട കാത്തത്. എന്നാല്‍ 2004ല്‍ സി.പി.എം നേതാവ് സി.എസ് സുജാത കോണ്‍ഗ്രസിന്റെ തുടര്‍വിജയങ്ങളെ തകര്‍ത്തെറിഞ്ഞു. രാജ്യത്ത് വീശിയ കോണ്‍ഗ്രസ് വിരുദ്ധ തരംഗത്തില്‍ സിറ്റിംഗ് എം.പിയായിരുന്ന ചെന്നിത്തല സുജാതക്ക് മുന്നില്‍ പരാജയപ്പെട്ടു.
എന്നാല്‍ അടൂര്‍ മണ്ഡലത്തിലെ ഏറിയ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത ശേഷം 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചെത്തി. അടൂരിന് പകരം സംവരണ മണ്ഡലമായി മാറിയ മാവേലിക്കരയില്‍ പിന്നീട് 2 തവണയും ജയിച്ചത് കൊടിക്കുന്നില്‍ സുരേഷാണ്. 2009ല്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച കൊടിക്കുന്നില്‍ സുരേഷ് ജാതി തെറ്റായി കാണിച്ചാണ് മത്സരിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ആര്‍.എസ് അനിലിന്റെ ഹരജിയില്‍ ഹൈക്കോടതി കൊടിക്കുന്നിലിനെ അയോഗ്യനാക്കിയെങ്കിലും സുപ്രീംകോടതി ഈ വിധി റദ്ദ് ചെയ്തു.
പിന്നീട് 2012ല്‍ കേന്ദ്രമന്ത്രിയായ കൊടിക്കുന്നില്‍ സുരേഷ് 2014ലും മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ചു. കോട്ടയം, ആലപ്പുഴ, കൊല്ലം എന്നീ മൂന്ന് ജില്ലകളില്‍ പടര്‍ന്നുകിടക്കുന്ന മാവേലിക്കരയില്‍ സാമുദായിക വോട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ചങ്ങനാശേരി, കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, പത്തനാപുരം, കുന്നത്തൂര്‍, കൊട്ടാരക്കര എന്നീ നിയമസഭാ മണ്ഡലങ്ങള്‍ മാവേലിക്കരയില്‍ ഉള്‍ക്കൊള്ളുന്നു. ഏഴില്‍ ആറിടത്തു നിന്നും നിയമസഭയിലേക്കെത്തിയത് ഇടതുസ്ഥാനാര്‍ത്ഥികള്‍. 2011ലെ നിയമസഭ തിരഞ്ഞെടുപ്പിലും മാവേലിക്കരയില്‍ ഇടതിനായിരുന്നു മുന്‍തൂക്കം.
പക്ഷേ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥിതി വ്യത്യസ്തമാണ്. 1971ല്‍ മാവേലിക്കരയില്‍ നിന്ന് ജയിച്ച ആര്‍ ബാലകൃഷ്ണപിള്ള ഇന്ന് എല്‍.ഡി.എഫിലാണ്. കേരള കോണ്‍ഗ്രസ് ബിയുടെ മുന്നണി പ്രവേശനം മാവേലിക്കരയില്‍ ഇത്തവണ തുണക്കുമെന്നാണ് ഇടതുപ്രതീക്ഷ. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയവും വോട്ടുനിലയും കണക്കുകൂട്ടിയാണ് ഇടതുപക്ഷം ഇത്തവണയും രംഗത്തിറങ്ങുന്നതെങ്കില്‍ ഉറച്ച കോട്ടയെന്ന ആത്മവിശ്വാസത്തോടെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങുന്നത്.