Kerala

‘ഇനിയങ്ങോട്ട് യുദ്ധം, മുന്നോട്ട് വച്ച കാൽ പിന്നോട്ട് വയ്ക്കില്ല’; സർക്കാർ വേട്ടയാടുന്നു; മാത്യു കുഴൽനാടൻ

സർക്കാരിനെ വിമർശിച്ചാൽ തന്നെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന് മാത്യു കുഴൽനാടൻ . മുന്നോട്ട് വച്ച കാൽ പിന്നോട്ട് വയ്ക്കില്ല. താൻ ആരെയും ഭയപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിജിലൻസ് കേസ് കൊണ്ട് വേട്ടയാടാമെന്ന് കരുതേണ്ട. തനിക്ക് പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കും. ചിന്നക്കനാലിൽ നികുതിവെട്ടിപ്പ് നടത്തി എന്ന പരാതി അന്വേഷിക്കാനാണ് നീക്കം. വക്കീൽ ഓഫീസ് വഴി കള്ളപ്പണം വെളിപ്പിച്ചു എന്ന പരാതിയും വിജിലൻസിന് മുന്നിലുണ്ട്. ദിവസങ്ങൾക്കുള്ളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി നൽകിയ പരാതിയിൽ അന്വേഷണം നടത്താനാണ് നീക്കം. ചിന്നക്കനാലിൽ കെട്ടിടത്തിന് അനുമതി നേടിയെടുത്തതിലും ക്രമക്കേട് നടന്നുവെന്ന് ആക്ഷേപമുണ്ട്. നിലവിൽ കെട്ടിടം ഉള്ളത് മറച്ചുവെച്ച് പുതിയ കെട്ടിടം പണിയാൻ അനുമതിക്ക് അപേക്ഷ നൽകിയെന്നാണ് ആക്ഷേപം.

സിപിഐഎം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ രംഗത്തുവന്നിരുന്നു. ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്ന് പറഞ്ഞ മാത്യു കുഴല്‍നാടന്‍, കൃത്യമായി പഠിച്ച് ഇന്ന് മറുപടി പറയുമെന്നും ഫേസ്ബുക്കിൽ പ്രതികരിച്ചു. രാഷ്ട്രീയമായി ആരോപണം ഉന്നയിച്ചവരെ പരിഹസിക്കില്ല. മാധ്യമ അജണ്ടയാണെന്നും പറയില്ല. താനൊരു പൊതുപ്രവര്‍ത്തകനാണ്. ചോദ്യം ചെയ്യുന്നതിനുള്ള അവകാശം എതിര്‍ രാഷ്ട്രീയ കക്ഷികള്‍ക്കും പൊതുജനങ്ങള്‍ക്കുമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

മാത്യു കുഴല്‍നാടന്‍ നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നായിരുന്നു സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്റെ ആരോപണം. ചിന്നക്കനാലിലെ ഭൂമിയും റിസോര്‍ട്ടും സ്വന്തമാക്കിയത് നികുതി വെട്ടിച്ചാണ്. 2021 മാര്‍ച്ച് 18ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ 1.92 കോടി രൂപയാണ് വില കാണിച്ചത്. പിറ്റേ ദിവസം നല്‍കിയ തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും വെട്ടിച്ചു. ശരിയായ നിലയിലല്ലാതെ മാത്യു കുഴല്‍നാടന് പണം കിട്ടുന്നുണ്ടെന്നും സി എന്‍ മോഹനന്‍ ആരോപിച്ചിരുന്നു.

വിഷയത്തിൽ സിപിഐഎം രാഷ്ട്രീയ സമരത്തിനിറങ്ങുമെന്നും സിഎൻ മോ​ഹനൻ പറഞ്ഞു. സര്‍ക്കാരിനും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴയില്‍ മണ്ഡലത്തില്‍ നിന്നുള്ളവര്‍ പരാതി കൊടുത്തിട്ടുണ്ടെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ദുബായിലും ഡൽഹിയിലും കൊച്ചിയിലും ഉള്ള ഓഫീസുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നും സിപിഐഎം ആരോപിക്കുന്നു.