ഇന്ന് ജനുവരി 30, രാജ്യത്തിന്റെ ഹൃദയം തകര്‍ന്ന ദിനം… ഏവര്‍ക്കും പ്രിയപ്പെട്ട ഗാന്ധിജിയെ ഒരു മതതീവ്രവാദി ഇല്ലാതാക്കിയ ദിനം ബാപ്പുജിയുടെ രക്തസാക്ഷിദിനം…
ഗാന്ധി പിറന്ന ഗുജറാത്തിലെ ഒരു സ്കൂളിൽ പരീക്ഷയ്ക്കുണ്ടായിരുന്ന ഒരു ചോദ്യം ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെയാണെന്നായിരുന്നു. എത്ര മനോഹരമായാണ് പലരും ചരിത്രം വളച്ചൊടിക്കുന്നത്. ഗാന്ധിജി ആത്മഹത്യ ചെയ്തതോ ഓട്ടോയിടിച്ച് മരിച്ചതോ അല്ലെന്ന് ആ വിദ്യാര്‍ഥികള്‍ക്ക് പോലുമറിയാം.
മതേതരത്വത്തിനും സഹിഷ്ണുതക്കും വേണ്ടി നിലകൊണ്ടതിന് അദ്ദേഹത്തെ ഹിന്ദുത്വവാദികള്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. നാഥുറാം വിനായക് ഗോഡ്സേ എന്ന ഹിന്ദുത്വവാദി ആ മഹാത്മാവിന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്ത് കൊന്ന ദിവസമാണിന്ന്. ജനുവരി 30.
ആ വെളിച്ചം അണഞ്ഞു, രാജ്യം മുഴുവൻ അന്ധകാരമാണ് -ഗാന്ധിജിയുടെ മരണശേഷം നെഹ്‌റു വികാരാധീനനായി പറഞ്ഞ വാക്കുകളാണിത്. 1948 ജനുവരി 30ന് നാഥുറാം വിനായക് ഗോഡ്‌സെ എന്ന ഹിന്ദുത്വവാദിയുടെ തോക്ക് ഗാന്ധിജിയുടെ ജീവനെടുത്തു.
കൃത്യനിഷ്ഠയിൽ കണിശക്കാരനായിരുന്നു ഗാന്ധിജി. പതിവായി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പ്രാർത്ഥനായോഗം വല്ലഭായി പട്ടേലുമായുള്ള അഭിമുഖ സംഭാഷണത്താൽ അന്ന് വൈകി. 5 മണി കഴിഞ്ഞ് 10 മിനിറ്റ് ആയപ്പോളാണ് അദ്ദേഹത്തിന്റെ അനുയായികൾ, മനുവും ആഭയും സമയത്തെക്കുറിച്ച് ഓർമ്മിപ്പിച്ചത്. ഉടൻതന്നെ സംഭാഷണം നിർത്തി ഗാന്ധിജി പ്രാർത്ഥനയ്ക്കായി പുറപ്പെട്ടു. ജനങ്ങൾ കാത്തിരിക്കുന്ന മൈതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേയ്ക്ക് പോകുവാൻ ഗാന്ധിജി തീരുമാനിച്ചു.
ഈ സമയം ജനങ്ങൾക്കിടയിൽ നിന്നിരുന്ന ഗോഡ്‌സേ പോക്കറ്റിൽ കരുതിയിരുന്ന ബെറെറ്റ പിസ്റ്റൾ ഇരുകൈയ്യുകൾക്കുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചു കൊണ്ട് കുനിഞ്ഞു. ഗാന്ധിജിയുടെ പാദം ചുംബിക്കുവാൻ തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്‌സേയെ വിലക്കി. എന്നാൽ ഇടത് കൈകൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റി വലതുകൈയ്യിലിരുന്ന പിസ്റ്റൾ കൊണ്ട് ഗോഡ്സേ മൂന്ന് തവണ വെടിയുതിർത്തു. ഗാന്ധിജിയുടെ നെഞ്ചിൽ തന്നെ മൂന്ന് വെടികളും തുളച്ചുകയറി.
ഇതെല്ലാം സംഭവിച്ചത് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു. ഹേ റാം എന്ന് വിളിച്ചുകൊണ്ട് ഗാന്ധിജി നിലത്തു വീണു. തൊട്ടടുത്ത ബിർള ഹൗസിലേക്ക് മാറ്റുമ്പോഴേക്കും അദ്ദേഹം ജീവന്‍ വെടിഞ്ഞിരുന്നു.
നാഥുറാം വിനായക് ഗോഡ്സെ, നാരായൺ ആപ്തെ, വിഷ്ണു കർക്കറെ, വി.ഡി. സവർക്കർ, മദൻലാൽ പഹ്വ, ഗോപാൽ ഗോഡ്സെ, ദത്താത്രേയ പര്‍ച്ചുറേ എന്നിവരായിരുന്നു കേസിലെ പ്രതികൾ. നാരായൺ ആംപ്തേയും, ഗോപാൽ ഗോഡ്‌സെയും നാഥുറാം ഗോഡ്സേയെ സഹായിച്ചു. കൃത്യത്തിനു വേണ്ടി ഗൂഢാലോചന നടത്തി എന്നാണ് മറ്റുള്ളവരുടെ മേൽ ചുമത്തപ്പെട്ട കുറ്റം. പ്രതികളെല്ലാവരും സവര്‍ക്കറുടെ അനുയായികളായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ച ഗോഡ്സെ ഹിന്ദു മഹാസഭയുടെയും പിന്നീട് ആര്‍എസ്എസിന്‍റെയും പ്രവർത്തകനായിരുന്നു. 1940കളിൽ ഗോഡ്സെ ഹിന്ദു രാഷ്ട്ര ദൾ എന്ന ഭീകരസംഘടനക്ക് രൂപം നൽകി.ഹിന്ദു മഹാസഭയും ഗോഡ്സെയും ആൾ ഇന്ത്യ മുസ്ലീം ലീഗിനെയും സ്വാതന്ത്ര്യ പ്രസ്ഥാനമായ കോൺഗ്രസ്സിനെയും എതിർത്തിരുന്നു. സവര്‍ക്കറുടെ വസതിയിലെ നിത്യസന്ദര്‍ശകരായിരുന്നു ഗാന്ധിവധത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റുള്ളവരും. ഹിന്ദു -മുസ്‌ലീം ഐക്യത്തിലൂന്നിയുള്ള ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളാണ് സവര്‍ക്കറെയും കൂട്ടരെയും പ്രകോപിതരാക്കിയത്.
ഗാന്ധിജിയാണ് വിഭജനത്തിന് കാരണക്കാരൻ എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഇവര്‍. വിഭജനാനന്തരം പാകിസ്ഥാന് 55 കോടി രൂപ ഇന്ത്യ നല്‍കണം എന്ന് ഗാന്ധി വാദിച്ചതായിരുന്നു അവസാനത്തെ പ്രകോപനം. ഗാന്ധിജി അവസാനമായി ഉപവാസം തുടങ്ങിയ അന്നുതന്നെ ഗോഡ്സെയും കൂട്ടരും ഗാന്ധിയെ വധിക്കാനുള്ള പദ്ധതിക്കും തുടക്കമിട്ടു. ഗാന്ധി ജീവിച്ചിരുന്നാൽ രാജ്യം ഇനിയും വിഭജിക്കുമെന്നും ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കാൻ ഗാന്ധിജിയാണ് തടസ്സമെന്നും ഗോഡ്സെയും കൂട്ടരും വിശ്വസിച്ചു.
“ഒരിക്കൽ നമ്മള്‍ അധികാരത്തിൽ വരുമ്പോൾ ഭാരതം സമ്പൂർണ ഹിന്ദുരാജ്യം ആക്കും. ആ ഹിന്ദു രാഷ്ട്രത്തിലെ ഗംഗയിൽ മാത്രമേ എന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യാവൂ, സ്മാരകം നിർമ്മിക്കാവൂ” -ഇത് ഗോഡ്‌സെയുടെ അവസാന വാക്കുകളാണ്
ആ ആഗ്രഹം സഫലീകരിക്കാന്‍ ഇപ്പോഴും ഗോഡ്സെയുടെ ചിതാഭസ്മം ബന്ധുക്കള്‍ പൂനെയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിചാരണ വേളയില്‍ തെളിവില്ലെന്ന് കണ്ട് സവര്‍ക്കറെ കോടതി കുറ്റവിമുക്തനാക്കി. എന്നാല്‍ ഗാന്ധി വധം അന്വേഷിച്ച കപൂര്‍ കമ്മീഷന് മുന്നില്‍ കേസിലെ സാക്ഷികള്‍ നല്‍കിയ മൊഴി പ്രകാരം സവര്‍ക്കര്‍, ഗോഡ്സെയെയും സംഘത്തെയും ആശീര്‍വദിച്ചയച്ചുവെന്ന് മൊഴി നല്‍കിയിരുന്നു. കോടതിയില്‍ മാപ്പുസാക്ഷിയായ ദിഗംബര്‍ ബാഡ്ഗെയും ഇതേ മൊഴി നല്‍കിയിരുന്നു. വിചാരണയ്‌ക്കൊടുവിൽ 1949 നവംബർ 15ന് അംബാല സെൻട്രൽ ജയിലിൽ ഗോഡ്‍സേയുടെയും നാരായണ്‍ ആപ്തേയുടെയും വധശിക്ഷ നടപ്പിലാക്കി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വധശിക്ഷയായിരുന്നു ഇത്.