മരട് കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്നു, നിയമം ലംഘിച്ച് നിര്‍മിച്ചവയുടെയെല്ലാം ഉത്തരവാദി ചീഫ് സെക്രട്ടറിയാണെന്ന് വിമര്‍ശിച്ച സുപ്രീംകോടതി, ഫ്ലാറ്റ് പൊളിക്കാന്‍ എത്ര സമയം വേണമെന്നും ചോദിച്ചു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനം സമൂഹത്തിന് ചേരാത്ത വിധത്തിലാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചു. ചീഫ് സെക്രട്ടറി ടോം ജോസും കോടതിയില്‍ ഹാജരായിരുന്നു. സുപ്രീംകോടതി തീരുമാനം വന്ന ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. വിശദമായ ഉത്തരവ് വെള്ളിയാഴ്ച പുറപ്പെടുവിക്കും.
തീരദേശ നിയമം ലംഘിച്ചു നിർമിച്ച മരടിലെ ഫ്ലാറ്റുകള്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയ്ക്കകം പൊളിച്ചുനീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ അന്ത്യശാസനം. എന്നാൽ കോടതിയുത്തരവ് നടപ്പായില്ല. പകരം, ചീഫ് സെക്രട്ടറി ടോം ജോസ് ആറുപേജുള്ള സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു.