മറയൂരില്‍ വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ വീടുകള്‍ തകർന്നു. പത്തടിപ്പാലം കോളനിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലെത്തിയ ഒറ്റയാന്‍ മൂന്നു വീടുകളുടെ മുന്‍വശമാണ് തകർത്തത്. നാളുകളായി ഭീതി പടർത്തുന്ന ഒറ്റയാനെ ഉള്‍വനത്തിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മറയൂർ പത്തടിപ്പാലം കോളനിക്കുള്ളില്‍ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് ഒറ്റയാന്‍ കൊലവിളി നടത്തിയത്. കോളനി നിവാസി കൃഷ്ണന്റെ വീടിന്റെ വരാന്തക്ക് മുകളിലെ ഷീറ്റുകളും തൂണും, ഭിത്തിയുമടക്കം പൂർണമായും ആന തകർത്തു. അര മണിക്കൂറോളം ചിന്നംവിളിച്ച് കാട്ടാന കൃഷ്ണന്റെ വീടിനു സമീപത്ത് നിലയുറപ്പിച്ചു. രോഗബാധിതനായ കൃഷ്ണനും വീട്ടുകാരും അകത്തെ മുറിയില്‍ ശ്വാസമടക്കിയാണ് അരമണിക്കൂർ തള്ളിനീക്കിയതെന്ന് വീട്ടുകാർ പറയുന്നു.
കൃഷ്ണന്റെ വീടിന് മുമ്പില്‍ നിന്ന് നീങ്ങിയ ഒറ്റയാന് സമീപത്തുള്ള കനിയുടെ വീടിന്റെ മുന്‍ ഭാഗവും തകർത്തു. കോളനി സ്വദേശിയായ മണികണ്ഠന്റെ വീടും കഴിഞ്ഞ മാസം ഒറ്റാന്‍ തകർത്തിരുന്നു. വനാതിർത്തിയില്‍നിന്ന് ബാബുനഗർ, ഇന്ദിര നഗർ തുടങ്ങിയ ആദിവാസി പുനരധിവാസ കോളനിവഴിയെത്തുന്ന ഒറ്റയാന്‍ കാലങ്ങളായി പത്തടിപ്പാലം കോളനിയിലെ നിവാസികളുടെ പേടി സ്വപ്നമാണ്. ജീവനും സ്വത്തിനും ഭീഷണിയായ ഈ ഒറ്റയാനെ ഉള്‍വനത്തിലേക്ക് തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.