പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘മരക്കാർ, അറബിക്കടലിൻ്റെ സിംഹം’ കേരളത്തിലെ 600 തീയറ്ററുകളിൽ റിലീസ് ആകുമെന്ന് റിപ്പോർട്ട്. ഈ തീയറ്ററുകളിലെല്ലാം മൂന്നാഴ്ചക്കാലത്തേക്ക് മരക്കാർ മാത്രമേ പ്രദർശിപ്പിക്കൂ. കൊവിഡ് താറുമാറാക്കിയ സിനിമാ മേഖലയ്ക് ഉണർവ് പകരാനായി ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിൽ ഇത്തരത്തിൽ ഒരു കരാർ ഉണ്ടാക്കിയെന്ന് ‘ദി ഹിന്ദു’ ആണ് റിപ്പോർട്ട് ചെയ്തത്.
മരക്കാർ റിലീസ് ചെയ്ത് മൂന്നാഴ്ചക്കാലത്തേക്ക് മറ്റ് ചിത്രങ്ങളൊന്നും തീയറ്ററിൽ റിലീസ് ചെയ്യില്ല. ഇത്തരത്തിൽ ഒരു താരസമ്പന്നം ചിത്രം ആളുകളെ തീയറ്ററിലേക്ക് ആകർഷിക്കാൻ ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. ചിത്രം ഓഗസ്റ്റ് 12നാണ് റിലീസ് ചെയ്യുക. നേരത്തെ, മെയ് 13നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തെ ഉയരുന്ന കൊവിഡ് ബാധ കണക്കിലെടുത്താണ് തീരുമാനം മാറ്റുകയായിരുന്നു.
മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരയ്ക്കാർ. 100 കോടി രൂപയാണ് ബഡ്ജറ്റ്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് മരക്കാർ നിർമിക്കുന്നത്. തിരു ആണ് ക്യാമറ. അനി ഐവി ശശിയും പ്രിയദർശനൊപ്പം തിരക്കഥയിൽ പങ്കാളിയാണ്. അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ സിനിമയാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം. മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സിദ്ദീഖ്, സംവിധായകൻ ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരും വേഷമിടുന്നു. 16ാം നൂറ്റാണ്ടാണ് സിനിമയുടെ പശ്ചാത്തലം.