India Kerala

ഫ്ലാറ്റുകള്‍ ഒഴിയാന്‍ സമയപരിധി നീട്ടി നല്‍കാനാവില്ല, വൈദ്യുതി,വെള്ളം കണക്ഷനുകൾ നാളെ വിച്ഛേദിക്കും; നിലപാട് കടുപ്പിച്ച് നഗരസഭ

മരടിലെ ഫ്ലാറ്റ് ഉടമകള്‍ ഒഴിയുന്ന കാര്യത്തില്‍ നിലപാട് കടുപ്പിച്ച് നഗരസഭ. ഉടമകള്‍ക്ക് ഒഴിയാനുള്ള സമയപരിധി ഒരു കാരണവശാലും നീട്ടിനല്‍കാനാവില്ലെന്ന് നഗരസഭ സെക്രട്ടറി വ്യക്തമാക്കി. പുനഃസ്ഥാപിച്ച വൈദ്യുതി,വെള്ളം കണക്ഷനുകൾ നാളെ വിച്ഛേദിക്കുമെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാൻ അറിയിച്ചു.

എന്നാല്‍ പകരം താമസ സൗകര്യം ലഭിക്കാതെ ഒഴിയില്ലെന്ന് ഫ്ലാറ്റ് ഉടമകളും നിലപാട് സ്വീകരിച്ചതോടെ പ്രതിസന്ധി രൂക്ഷമാവുകയാണ്. ഫ്ലാറ്റുകൾ ഒഴിയാനുള്ള സമയപരിധി അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ഇതുവരെ വാടകക്കാർ മാത്രമാണ് ഫ്ലാറ്റുകൾ വിട്ടൊഴിഞ്ഞത്. നാലു ഫ്ലാറ്റുകളിൽ ആയി 196 കുടുംബങ്ങൾ ഇപ്പോഴും താമസിക്കുന്നുണ്ട്.

ഇവരിൽ 186 കുടുംബങ്ങൾക്ക് താമസ സൗകര്യം ആവശ്യമാണ് എന്ന് കാണിച്ചു ഇന്നലെ ഉച്ചയ്ക്ക് നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു.. എന്നാൽ ഇതുവരെയും നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല ഉടമകൾ പറയുന്നു.

ഫ്ലാറ്റുകൾ ഒഴിയാൻ 15 ദിവസത്തെ സമയപരിധി അനുവദിക്കുമെന്നാണ് ഫ്ലാറ്റ് ഉടമകളുടെ ആവശ്യം. എന്നാല് ഇനി സമയപരിധി നീട്ടി നൽകാനാവില്ലെന്ന് നഗരസഭ സെക്രട്ടറി വ്യക്തമാക്കി. പകരം താമസ സൗകര്യം ഒരുക്കുമെന്ന ജില്ലാ കലക്ടറുടെ ഉറപ്പു വിശ്വസിച്ചാണ് ഫ്ലാറ്റുകൾ വിട്ടൊഴിയാൻ തയ്യാറായതെന്നും ഈ ഉറപ്പ് പാലിക്കാൻ കലക്ടർ തയ്യാറാകണമെന്നും ഉടമകൾ പറയുന്നു. എന്നാൽ പുനരധിവാസം ആവശ്യപ്പെട്ടിട്ടുള്ളവർക്കെല്ലാം നൽകിയിട്ടുണ്ടെന്നാണ് കലക്ടറുടെ പ്രതികരണം.