ന്യൂഡല്‍ഹി: തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മ്മിച്ചതിനെ തുടര്‍ന്ന് പൊളിച്ചുമാറ്റപ്പെടുന്ന ഫ്‌ളാറ്റുകളുടെ ഉടമകള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീം കോടതി തയ്യാറായി. ഇതു സംബന്ധിച്ച് വാക്കാലാണ് കോടതി ഉറപ്പ് നല്‍കിയത്. ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കൂടുതല്‍ സമയം വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കെ.ബാലകൃഷ്ണന്‍ നായര്‍ സമിതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ മേജര്‍ രവി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റിവച്ചു.
ജനുവരി 11, 12 തീയതികളിലായി നാലു ഫ്‌ളാറ്റുകളും പൊളിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഫ്‌ളാറ്റുകള്‍ പൊളിക്കണം എന്ന ഉത്തരവ് നടപ്പിലാക്കിയതിന്റെ പുരോഗതി വ്യക്തമാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉടമകള്‍ക്ക് ഇതിനകം തന്നെ 27 കോടി 99 ലക്ഷം നഷ്ടപരിഹാരം കൈമാറിയിട്ടുണ്ട്. ബാക്കി തുക നല്‍കാന്‍ സാവകാശം വേണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യം കെ.ബാലകൃഷ്ണന്‍ നായര്‍ സമിതിക്കു മുമ്ബാകെ ഉന്നയിക്കാന്‍ കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാര തുക നല്‍കാന്‍ വസ്തുക്കള്‍ വില്‍ക്കണമെങ്കില്‍ അനുമതിക്കായി സമിതിയെ സമീപിക്കാന്‍ കെട്ടിട നിര്‍മ്മാക്കള്‍ക്കും കോടതി അനുമതി നല്‍കി.
കേരളത്തില്‍ തീരദേശ നിയമങ്ങള്‍ ലംഘിച്ച് പണിത കെട്ടിടങ്ങളുടെ പട്ടിക ചീഫ് സെക്രട്ടറി കോടതിക്ക് കൈമാറിയില്ല എന്നാരോപിച്ചാണ് മേജര്‍ രവി കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്.