India Kerala

മരട് കേസ്; നാല് ഫ്ളാറ്റുകളുടെ അഞ്ചു ടവറുകള്‍ നിലംപതിക്കാന്‍ ഇനി കൃത്യം രണ്ടുമാസം

കൊച്ചി : തീരപരിപാലന നിയമം(സി.ആര്‍.ഇസഡ്.) ലംഘിച്ച്‌ മരടില്‍ പണിത നാല് ഫ്ളാറ്റുകളുടെ അഞ്ചു ടവറുകള്‍ നിലംപതിക്കാന്‍ ഇനി കൃത്യം രണ്ടുമാസം മാത്രം. ഇവ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കാന്‍ വേണ്ടത് 1600 കിലോ സ്ഫോടകവസ്തുക്കള്‍. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ സ്ഫോടകവസ്തുക്കളാണ് ഉപയോഗിക്കുക.

ഒറ്റദിവസം സ്ഫോടനം നടത്തി നാല് ഫ്ളാറ്റുകളും തകര്‍ക്കാമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതികസമിതിയുടെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്. ഇതു സാഹസമാണെന്നും മൂന്നുദിവസമായി നടത്തണമെന്നും പെട്രോളിയം ആന്‍ഡ് എക്സ്‌പ്ലൊസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍(പെസോ) നിലപാടെടുത്തു. ഇന്ദോറില്‍നിന്നുള്ള സ്ഫോടന വിദഗ്ധന്‍ ശരത് ബി. സര്‍വാതെയ്ക്കും ഇതേ നിലപാടായിരുന്നു. തുടര്‍ന്ന് സമവായം എന്ന നിലയില്‍ രണ്ടു ദിവസമാക്കുകയായിരുന്നു. 11-ഉം 12-ഉം ശനി, ഞായര്‍ ദിവസങ്ങളായതിനാല്‍ അതാണ് കൂടുതല്‍ സൗകര്യമെന്ന് വിലയിരുത്തുകയായിരുന്നു.