India Kerala

മരടിലെ ഫ്‌ളാറ്റ് പൊളിച്ച്‌ നീക്കാന്‍ മൂന്ന് ദിവസംമാത്രം

മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച്‌ നീക്കാന്‍ മൂന്ന് ദിവസംമാത്രം ശേഷിക്കെ നടപടിക്രമങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറക്കുന്നത് രണ്ട് ദിവസത്തിനകം പൂര്‍ത്തിയായേക്കും. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ ബോധവത്കരണ പരിപാടികള്‍ തുടരും.
മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതിനുള്ള പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. ആദ്യം പൊളിക്കുന്ന ഹോളിഫെയ്ത്ത് എച്ച്‌ ടു ഒ ഫ്‌ളാറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ നിറക്കുന്നതുള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ജെയ്ന്‍ കോറല്‍ കോവില്‍ ഇന്നലെ സ്‌ഫോടക വസ്തുക്കള്‍ നിറച്ചുതുടങ്ങി. രണ്ട് ദിവസത്തിനകം ഇത് പൂര്‍ത്തിയാവും. ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന സമയക്രമത്തില്‍ മാറ്റം വരുത്തിയത് സങ്കേതിക കാരണങ്ങള്‍ കൊണ്ട് മാത്രമാണെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ വ്യക്തമാക്കി. പതിനൊന്നാം തിയതി രാവിലെ 11 മണിക്ക് ഹോളി ഫെയ്ത്തും 11.05ന് ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റും പൊളിക്കും. നേരത്തെ ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റ് 11.30ന് പൊളിക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന ദിവസം ശക്തമായ സുരക്ഷാക്രമീകരണങ്ങളാവും മരടിലുണ്ടാവുക. 200 മീറ്റര്‍ ചുറ്റളവില്‍ ഗതാഗതനിയന്ത്രണമുണ്ടാവും. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാനും കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു