മരടിലെ ഫ്ലാറ്റുകളിലെ താമസക്കാരിൽ ഭൂരിഭാഗം ആളുകളും സാധന സാമഗ്രികൾ മാറ്റി. നഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടിക നഗരസഭ ഇന്ന് സർക്കാരിന് കൈമാറും. പൊളിക്കാനുള്ള കമ്പനിയെ തീരുമാനിക്കാൻ സബ് കളക്ടറുടെ നേതൃത്വത്തിൽ യോഗം പുരോഗമിക്കുകയാണ്.
ഉടമകളെ കണ്ടെത്താത്ത 50 ഫ്ലാറ്റുകളിൽ അധികവും വിറ്റു പോകാത്തവയാണെന്നാണ് നിഗമനം. അതൊഴികെ മറ്റു ഫ്ലാറ്റുകളിലെ താമസക്കാരുടെ സാധനങ്ങൾ പൂർണമായും നീക്കം ചെയ്തിട്ടുണ്ട്. നഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടിക തയാറാക്കുന്ന നടപടി അവസാനഘട്ടത്തിലാണ്. നഗരസഭയിൽ നിന്ന് ഒഴിഞ്ഞുവെന്ന രേഖ കൈപ്പറ്റിയ രജിസ്റ്റേഡ് ഉടമകൾക്ക് മാത്രമാണ് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാവൂ. പൊളിക്കാനുള്ള കരാർ ഏൽപ്പിക്കുന്ന കമ്പനിയെ തിങ്കളാഴ്ച നിശ്ചയിക്കും.
അതിന് മുന്നോടിയായാണ് സബ് കളക്ടറുടെയും സാങ്കേതിക വിദഗ്ധരുടെയും നേതൃത്വത്തിൽ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയത്. കരാർ ഒരു കമ്പനിക്ക് നൽകണോ വിവിധ കമ്പനികൾക്കായി വീതിച്ച് നൽകണമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അതേസമയം ഫ്ലാറ്റ് നിർമാതാക്കൾക്കെതിരിയായ ക്രൈം ബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്. ഫ്ലാറ്റ് നിർമാതാക്കളുടെ വിവിധ സ്ഥാപനങ്ങളിലും ഓഫീസിലും റെയ്ഡ് തുടരുകയാണ്.