India Kerala

മരട് പ്രദേശവാസികളുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്

ജനങ്ങളുടെ ആശങ്കയകറ്റാതെ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ പരിസരവാസികൾ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്. സമരസമിതി അംഗങ്ങളുമായി മന്ത്രി എ.സി മൊയ്തീന്‍ ഇന്ന് ചര്‍ച്ച നടത്തും. ഇൻഷുറൻസിന്റെ കാര്യത്തില്‍ വ്യക്തത വരുത്തി ആശങ്ക പരിഹരിക്കുന്നത് വരെ സമരം തുടരാനാണ് പ്രദേശവാസികളുടെ തീരുമാനം.

മരടിലെ ഫ്ലാറ്റുകൾക്ക് സമീപത്തുള്ളവരുടെ വീടുകൾക്കും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പാക്കുന്നതിൽ ഇപ്പോഴും അവ്യക്തത തുടരുന്നതിൽ പ്രതിഷേധിച്ചാണ് പുതുവത്സരദിനത്തിൽ തന്നെ അനിശ്ചിതകാല നിരാഹാര സമരം ആരഭിച്ചത്. ഫ്ലാറ്റുകളുടെ ചുമരുകൾ നീക്കി തുടങ്ങിയപ്പോൾ തന്നെ സമീപത്തെ വീടുകളിൽ പലയിടത്തും വിള്ളലുകൾ രൂപപ്പെട്ടിരുന്നു.അതിനാൽ തന്നെ ഫ്ലാറ്റുകൾ പൂർണമായും പൊളിക്കുമ്പോൾ വീടുകൾക്കും മറ്റും വലിയതോതിൽ കേടുപാട് ഉണ്ടാകുമെന്ന ആശങ്കയാണ് ഉയരുന്നത്.

ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്ന് പറയുമ്പോഴും ഇതിൽ ഒട്ടേറെ സംശയങ്ങൾ ബാക്കിയാണ്. ജനങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ നേരത്തെ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ഇതിൽ അനുകൂല നടപടികൾ ഉണ്ടായില്ലെന്ന് ഇവർ ആരോപിക്കുന്നു . പ്രതിഷേധം ശക്തമായതോടെ വിഷയത്തിൽ സർക്കാർ വീണ്ടും ഇടപെട്ടു. ഇന്ന് വൈകിട്ട് മന്ത്രി എ.സി മൊയ്തീന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് യോഗം ചേരും. ജില്ലാ കലക്ടർ, സബ് കലക്ടർ, മരട് നഗരസഭ ചെയർപെഴ്സൺ, തെരഞ്ഞെടുത്ത സമര സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.