മരടിലെ ഫ്ലാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയത് നിയമലംഘനമാണെന്ന അറിവോടെയായിരുന്നെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശനിയാഴ്ച വരെ റിമാന്‍ഡ് ചെയ്തു. കേസിലെ സുപ്രധാന രേഖകള്‍ പ്രതികള്‍ നശിപ്പിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫ്ലാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയതില്‍ വന്‍ക്രമക്കേട് നടന്നുവെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കേസിലെ രണ്ടാം പ്രതിയും മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന മുഹമ്മദ് അഷ്റഫും ജൂനിയര്‍ സൂപ്രണ്ടായിരുന്ന മൂന്നാം പ്രതി പി.ഇ ജോസഫും നിയമലംഘനമാണെന്ന അറിവോടെയാണ് നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഔദ്യോഗിക രേഖകളില്‍ നിലം എന്ന് രേഖപ്പെടുത്തിയ ഭൂമിയില്‍ നിര്‍മാണത്തിന് അനുമതി നല്കി. കേസിലെ സുപ്രധാന രേഖകള്‍ പ്രതികള്‍ നശിപ്പിച്ചെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസിലെ ഒന്നാം പ്രതി ഹോളി ഫെയ്ത്ത് ഫ്ലാറ്റ് എം.ഡി സാനി ഫ്രാന്‍സിസ് കേസിലെ പരാതിക്കാരനെ തെറ്റിധരിപ്പിച്ച് 75 ലക്ഷം രൂപ കൈക്കലാക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതികള്‍ക്കെതിരെ അഴിമതി നിരോധന നിയമത്തിലെ വിവധ വകുപ്പുകള്‍ക്ക് പുറമേ ഗൂഢാലോചന, വഞ്ചനാകുറ്റം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ചിന് ശക്തമായി തെളിവുകള്‍ ലഭിച്ചതിനാല്‍ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും.
കേസിലെ നാലാം പ്രതിയും മരട് പഞ്ചായത്തിലെ ക്ലര്‍ക്കുമായിരുന്ന ജയറാം നായിക്കിനെ അറസ്റ്റ് ചെയ്തിട്ടില്ല. പത്തൊന്‍പതാം തീയതി വരെയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. മൂന്നാം പ്രതി പി.ഇ ജോസഫിന്റെ ജാമ്യാപേക്ഷയും പത്തൊന്‍പതാം തീയ്യതി കോടതി പരിഗണിക്കും.