മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ദ്ധ സമിതി ഇന്ന് സര്‍ക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊളിക്കാനുള്ള കമ്പനിയെ നാളെ തീരുമാനിക്കും.
വിവിധ വകുപ്പുകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച പതിനൊന്നംഗ സംഘമാണ് ഫ്ലാറ്റ് പൊളിക്കുന്നതിനെ കുറിച്ച് വിശദമായ റിപ്പോർട്ട് തയാറാക്കിയത്. പൊളിക്കാൻ കരാർ എറ്റെടുക്കാൻ താൽപര്യം അറിയിച്ചെത്തിയ കമ്പനികളുടെ സാങ്കേതിക വിദ്യയും മുൻ പരിചയവും പരിശോധനാ വിധേയമാക്കിയിട്ടുണ്ട്. താൽപര്യം അറിയിച്ചെത്തിയ ആറു കമ്പനികളില്‍ രണ്ടെണ്ണത്തിന് മുൻഗണന നൽകുന്ന പട്ടികയടക്കമാണ് വിദഗ്ധ സമിതി റിപ്പോർട്ട് നൽകുക. എഡിഫെയ്സ് എഞ്ചിനീയറിംഗ്, വിജയ സ്റ്റീൽസ് ആന്റ് എക്സ്പ്ലോസീവ് എന്നീ കമ്പനികൾക്കാണ് മുൻഗണന. കമ്പനിയെ സംബന്ധിച്ച് നാളെ അന്തിമ തീരുമാനം എടുക്കും.
പതിനൊന്നിന് ഫ്ലാറ്റുകൾ കമ്പനിക്ക് കൈമാറും. തുടർന്ന് 15 ദിവസത്തിനകം വിശദമായ പ്ലാൻ തയാറാക്കി വിദഗ്ധ സമിതിയുടെ അംഗീകാരത്തോടെയാവും പൊളിക്കൽ ആരംഭിക്കുക. ഫ്ലാറ്റ് നിർമാതാക്കൾക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം നിർമാതാക്കളുടെ വിവിധ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ ഓഫീസ് ഇടപാടുകൾ അടക്കം ഉൾക്കൊള്ളുന്ന ഹാർഡ് ഡിസ്കുകൾ പിടിച്ചെടുത്തിരുന്നു.