നഷ്ടപരിഹാരത്തുകയിൽ ആശങ്ക അറിയിച്ച് മരടിലെ ഫ്ലാറ്റുടമകൾ സുപ്രീം കോടതിയിൽ. ഫ്ലാറ്റുടമകളുടെ ഹരജി തുറന്ന കോടതിയിൽ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. തീരദേശ പരിപാലനം ലംഘിച്ച് നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച പുരോഗതി സർക്കാർ കോടതിയെ അറിയിച്ചു.
നഷ്ടപരിഹാരത്തുകയിലെ ആശങ്കയടക്കമുള്ള കാര്യങ്ങൾ ഉന്നയിച്ചാണ് മരടിലെ ഫ്ലാറ്റുടമകൾ കോടതിയിൽ പുനഃപരിശോധന ഹരജി നൽകിയത്. ഈ ഹരജികളിൽ പിന്നീട് വാദം കേൾക്കാമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ചീഫ് സെക്രട്ടറിയെ എതിർ കക്ഷിയാക്കി ഫ്ലാറ്റുടമ മേജർ രവി നൽകിയ ഹരജി ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. സ്വത്തുക്കൾ വിൽക്കാൻ ഉടമകൾക്ക് അനുമതി നൽകണമെന്ന ആവശ്യവും ഉടമകൾ കോടതിയിൽ ഉന്നയിച്ചു. ഇതടക്കമുള്ള എല്ലാ ഹരജികളും പിന്നീട് പരിഗണിക്കും.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കാനുള്ള കോടതിയുത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി സർക്കാർ കോടതിയ അറിയിച്ചു. ജനുവരി 11,12 തിയതികളിൽ പൊളിക്കൽ നടപടികൾ പൂർത്തിയാക്കും. ഇതിനകം 61 കോടി 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയെന്നും സർക്കാർ വ്യക്തമാക്കി. നഷ്ടപരിഹാരം നൽകുന്നതിന് കൂടുതൽ സമയം വേണമെങ്കിൽ സർക്കാറിന് സുപ്രീംകോടതി നിശ്ചയിച്ച കമ്മിറ്റിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ജനുവരി രണ്ടാം വാരം വീണ്ടും കേസ് പരിഗണിക്കും.