മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി വിധിക്കെതിരെ താമസക്കാര്‍ രാഷ്ട്രപതിക്ക് സങ്കട ഹരജി നല്കി. ഫ്ലാറ്റില്‍ നിന്ന് ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി നഗരസഭ നല്കിയ നോട്ടീസിന്റെ കാലാവധി നാളെ അവസാനിക്കും.
ഫ്ലാറ്റില്‍ നിന്ന് ഒഴിപ്പിക്കുന്നത് തടയാന്‍ അനുകൂലമായ സമീപനം ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്ലാറ്റിലെ താമസക്കാര്‍ സങ്കട ഹരജി നല്‍കിയത്. രാഷ്ട്രപതിക്ക് പുറമേ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും എം.എല്‍.എമാര്‍ക്കും ഹരജി ഇമെയില്‍ മുഖേന നല്‍കിയിട്ടുണ്ട്.
ഫ്ലാറ്റുടമകള്‍ക്ക് നഗരസഭ നല്കിയ നോട്ടീസ് കാലാവധി നാളെ അവസാനിക്കാനിരിക്കെ സമരം ശക്തമാക്കാനാണ് തീരുമാനം. ശനിയാഴ്ച മുതല്‍ നഗരസഭക്ക് മുന്നില്‍ നിരാഹാര സമരം ആരംഭിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിക്കെതിരെ സമര്‍പ്പിച്ച തിരുത്തല്‍ ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. തുറന്ന കോടതിയില്‍ പരിഗണിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. കുടിയൊഴിപ്പിക്കലിനെതിരെ ഫ്ലാറ്റുടമകള്‍ ഹൈക്കോടതിയില്‍ റിട്ട് ഹരജിയും ഫയല്‍ ചെയ്യും.
കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ നിയമോപദേശം തേടിയിരുന്നു. ഈ മാസം 23ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ ഹാജരാകും. കോടതി വിധിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കോടതിയെ അറിയിച്ച് കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് ഒഴിവാകാനാണ് സര്‍ക്കാര്‍ ശ്രമം.