India Kerala

മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് ഉടമകൾക്ക് നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും

മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് ഉടമകൾക്ക് നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. മരട് നഗരസഭക്ക് മുന്നില്‍ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ഫ്ലാറ്റ് ഉടമകള്‍. സമരത്തിന് പിന്തുണയുമായി ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മരടിലെത്തും.

മരട് നഗരസഭക്ക് മുന്നില്‍ ശക്തമായ സമരം നടത്താനാണ് തീരുമാനം. ഫ്ലാറ്റിന് മുന്നില്‍ പന്തല്‍ കെട്ടി അനിശ്ചിതകാല റിലേ സത്യഗ്രഹവും ഇന്ന് ആരംഭിക്കും. സുപ്രീംകോടതിയുടെ അന്ത്യശാസനം വന്നതിനു പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഫ്ലാറ്റുകൾ ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭാ നോട്ടീസ് നൽകിയത്. അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയില്ലെന്നും നോട്ടീസ് നല്‍കിയത് നിയമാനുസൃതമല്ലെന്നും കാണിച്ച് ഒഴിപ്പിക്കല്‍ നോട്ടീസിന് 12 ഫ്ലാറ്റുടമകള്‍ മറുപടി നല്‍കിയിരുന്നു.

നോട്ടീസിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഫ്ലാറ്റ് ഉടമകള്‍. സുപ്രീംകോടതിവിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകൾ തിരുത്തൽ ഹരജി നൽകിയിട്ടുമുണ്ട്. ഫ്ലാറ്റ് ഉടമകളുടെ മറുപടി നഗരസഭാ സെക്രട്ടറി സർക്കാരിന് കൈമാറിയിട്ടുണ്ട്. സർക്കാർ നിർദേശം അനുസരിച്ചു മാത്രമേ താമസക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്ന് മരട് നഗരസഭ നേരത്തേ വ്യക്തമാക്കിയിരുന്നു.വിഷയത്തിൽ രാഷ്ട്രീയ പാർട്ടികള്‍ ഇടപെട്ടതോടെ നിയമപോരാട്ടം ശക്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണിവര്‍.