India Kerala

മരട്; ഒഴിയാനുള്ള കാലപരിധി നാളെ അവസാനിക്കും,പുനരധിവാസം ആവശ്യപ്പെട്ടവര്‍ക്കെല്ലാം നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍

മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി നാളെ അവസനിക്കാനിരിക്കെ പുനരധിവാസം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. മാറി താമസിക്കാനുള്ള ഫ്ലാറ്റുകളുടെ പുതുക്കിയ പട്ടിക ഉടമകള്‍ക്ക് ലഭിച്ചില്ല. ഫ്ലാറ്റികള്‍ ഒഴിയാന്‍ 15 ദിവസം കൂടി വേണമെന്നാണ് ഫ്ലാറ്റുടമകളുടെ നിലപാട്. അതേസമയം പുനരധിവാസം ആവശ്യപ്പെട്ടവര്‍ക്കെല്ലാം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് പറഞ്ഞു.വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

ഫ്ലാറ്റുകള്‍ ഒഴിയാന്‍ ഇനി ഒരു ദിവസം മാത്രമാണ് ഉടമകള്‍ക്ക് മുന്‍പിലുള്ളത്. പുനരധിവാസം നല്‍കാമെന്നുള്ള സര്‍ക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടാതെ ഫ്ലാറ്റുകള്‍ ഒഴിഞ്ഞ് പോവില്ലെന്ന തീരുമാനത്തിലാണ് ഭൂരിഭാഗം ഫ്ലാറ്റുടമകളും. എന്നാല്‍ ചിലര്‍ സ്വന്തം നിലക്ക് ഫ്ലാറ്റുകള്‍ കണ്ടെത്തി ഇന്നലെ തന്നെ ഒഴിഞ്ഞു തുടങ്ങി. വാടകക്ക് താമസിക്കുന്നവരാണ് ഫ്ലാറ്റുകള്‍ ഒഴിഞ്ഞവരില്‍ കൂടുതലും. വിദേശ രാജ്യങ്ങളിലായിരുന്ന ഉടമകള്‍ പലരും എത്തി ഫ്ലാറ്റുകളിലെ സാധനസാമഗ്രഹികള്‍ മാറ്റാന്‍ ആരംഭിച്ചിട്ടുണ്ട്. ഫ്ലാറ്റുകള്‍ ഒഴിയുന്നതിനുള്ള സഹായം നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതും പാലിക്കപ്പെട്ടിട്ടില്ല എന്നും ഉടമകള്‍ ആരോപിക്കുന്നു.

ഫ്ലാറ്റുകളുടെ പുതുക്കിയ പട്ടിക ഇന്ന് കൈമാറുമെന്നാണ് നഗരസഭാ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒഴിയാനുള്ള സമയപരിധി കുറച്ച് ദിവസങ്ങള്‍ കൂടി നീട്ടി നല്‍കണമെന്ന ആവശ്യമായിരിക്കും ഫ്ലാറ്റുടമകള്‍ മുന്നോട്ട് വെക്കുക. നൂറിലധികം ഫ്ലാറ്റുളാണ് ഇനിയും ഒഴിയാന്‍ ബാക്കിയുള്ളത്.