മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നഗരസഭ ഇന്ന് ആരംഭിക്കും. സർക്കാർ സാങ്കേതിക ഉപദേഷ്ടാവായി നിയമിച്ച ശരത് ബി സർവ്വാതെ ഇന്ന് ഫ്ലാറ്റ് സമുച്ചയങ്ങൾ സന്ദർശിക്കും. ഫ്ലാറ്റുടമകൾക്ക് ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ മൂന്നംഗ സമിതി കുടുതൽ സമയം അനുവദിച്ചിട്ടുണ്ട്.
ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിനും പൊളിക്കാനുള്ള കമ്പനികളെ കണ്ടെത്തുന്നതിനുമാണ് ശരത് ബി സർവ്വാതെയെ ഉപദേശകനായി സർക്കാർ നിയോഗിച്ചിരിക്കുന്നത്. ഇന്നലെ കൊച്ചിയിലെത്തിയ അദ്ദേഹം ഇന്ന് 4 ഫ്ലാറ്റ് സമുച്ചയങ്ങളും സന്ദർശിക്കും. തുടർന്ന് ഫ്ലാറ്റുകൾ പൊളിക്കുന്നതിന് പരിഗണിക്കുന്ന കമ്പനികളുമായി സർവ്വാതെ കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും പൊളിക്കാനുള്ള കമ്പനികളെ തെരഞ്ഞെടുക്കുക. അതേസമയം മരട് ഫ്ലാറ്റുടമകൾക്ക് ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ മൂന്നംഗ സമിതി കുടുതൽ സമയം അനുവദിച്ചു. യഥാർത്ഥ വില കാണിച്ച് ഉടമകൾ സത്യവാങ്ങ്മൂലം നൽകണം.
മരടിലെ ഫ്ലാറ്റ് ഉടമകളുടെ നഷ്ടപരിഹാരം തീരുമാനിക്കുന്നതിനുള്ള മൂന്നംഗ സമിതിയുടെ ആദ്യ യോഗത്തിലാണ് ഈ തീരുമാനം.ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന യോഗത്തിൽ സമിതി അംഗങ്ങളായ മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെ.എസ്.ആർ.എയിലെ എൻജിനീയർ ആർ. മുരുകേശൻ എന്നിവരും പങ്കെടുത്തു. പതിനാലാം തിയതിയാണ് സമിതിയുടെ അടുത്ത സിറ്റിങ്ങ്. മരട് ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരായ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തേക്കും.