Kerala

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചിട്ട് ഒരു വര്‍ഷം,സമീപത്തെ വീടുകള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ച് മാറ്റി ഒരു വര്‍ഷം പിന്നിടുമ്പോഴും ഫ്ലാറ്റുകളുടെ സമീപത്തെ വീടുകളിലുണ്ടായ കേടുപാടുകള്‍ക്ക് ഇനിയും നഷ്ടപരിഹാരം നല്‍കിയില്ല. ഏതാനും ദിവസങ്ങള്‍ക്കകം ഇന്‍‌ഷുറന്‍സിന്റെ കാലാവധി കൂടി കഴിയാനിരിക്കെ നിയമനടപടിക്കൊരുങ്ങുകയാണ് മരട് നഗരസഭ. മൂന്ന് മാസം കൊണ്ട് കേടുപാടുകള്‍ പറ്റിയ വീടുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകുമെന്നായിരുന്നു ഉറപ്പ് നല്‍‌കിയത്. എന്നാല്‍ ഇത് പാലിക്കപ്പെടാതായതോടെ പലരും സ്വന്തം ചിലവില്‍ അറ്റക്കുറ്റപ്പണി പൂര്‍ത്തിയാക്കി.

2020 ജനുവരി 11, 12 തിയതികളിലാണ് മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച് മാറ്റിയത്. ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റുമ്പോള്‍ സമീപത്തെ വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായേക്കുമെന്ന നാട്ടുകാരുടെ ഭീതി പ്രതിഷേധമായി മാറിയതോടെയാണ് സര്‍ക്കാര്‍ ഇടപെട്ട് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയത്. സമീപത്തെ വീടുകള്‍ക്ക് ഒരു വര്‍ഷക്കാലയളവില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ സമീപത്തെ വീടുകള്‍ക്ക് ഉണ്ടായ വിള്ളലുകളടക്കം പരിഹരിക്കാന്‍ യാതൊരു നടപടിയും ഉണ്ടായില്ല. പരാതി പറഞ്ഞ് മടുത്തതോടെ പലരും സ്വന്തം നിലക്ക് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. ഇന്‍ഷുറന്‍സ് കാലാവധി പൂര്‍ത്തിയായിട്ടും നഷ്ടപരിഹാരം നല്‍കാത്ത കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം