India Kerala

മരട്; നഷ്ടപരിഹാരമായ 25 ലക്ഷം രൂപ 10 ശതമാനം താമസക്കാര്‍ക്ക് പോലും ലഭിച്ചേക്കില്ല

സുപ്രിം കോടതി പൊളിച്ച് കളയാന്‍ ഉത്തരവിട്ട മരടിലെ അനധികൃത ഫ്ലാറ്റുകളിലെ താമസക്കാരില്‍ ഇടക്കാല നഷ്ടപരിഹാരമായ 25 ലക്ഷം രൂപ പത്ത് ശതമാനം താമസക്കാര്‍ക്ക് പോലും ലഭിച്ചേക്കില്ല. സമിതി ഇതുവരെ നഷ്ടപരിഹാരം കണക്കാക്കിയ 107 പേരില്‍ 14 ഫ്ലാറ്റുടമകള്‍ക്ക് മാത്രമാണ് 25 ലക്ഷം രൂപ ശിപാര്‍ശ ചെയ്തിരിക്കുന്നത്.

രജിസ്ട്രേഷന്‍ രേഖകളില്‍ തുക കുറച്ച് കാണിച്ചതാണ് പല ഫ്ലാറ്റുടമകള്‍ക്കും തിരിച്ചടിയായത്. വാങ്ങിയ സമയത്ത് രജിസ്ട്രേഷന്‍ രേഖകളില്‍ കാണിച്ച തുകയും അതിന് ഉണ്ടാകാന്‍ സാധ്യതയുള്ള മൂല്യവര്‍ധനവും കണക്കാക്കിയാണ് നഷ്ടപരിഹാര സമിതി തുക നിശ്ചയിച്ചത്. ഇതോടെയാണ് ഇടക്കാല നഷ്ടപരിഹാരമായ 25 ലക്ഷം രൂപ നാമമാത്രമായ ആളുകളിലേക്ക് ചുരുങ്ങിയത്. 107 ഫ്ലാറ്റുടമകള്‍ക്കാണ് ഇതുവരെ നഷ്ടപരിഹാരം കണക്കാക്കിയത്. ഇതില്‍ 14 ഉടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം ശിപാര്‍ശ ചെയ്തപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് 13 ലക്ഷം രൂപ മുതലാണ് ശിപാര്‍ശ. ഇതുവരെ 19 കോടി 10 ലക്ഷം രൂപയാണ് സമിതി നഷ്ടപരിഹാരത്തിനായി ശിപാര്‍ശ ചെയ്തു.

ബാക്കിയുള്ളവരുടെ രേഖകള്‍ പരിശോധിച്ച് 23ാം തിയതിയോടെ ഇടക്കാല നഷ്ടപരിഹാരം ലഭിക്കുന്നവരുടെ അന്തിമ പട്ടിക തയാറാക്കും. ഇത് വിതരണം ചെയ്തതിന് ശേഷമായിരിക്കും. ഫ്ലാറ്റുകളുടെ പൂര്‍ണമായ നഷ്ടപരിഹാരം കണക്കാക്കാന്‍ ആരംഭിക്കുക. രജിസ്ട്രേഷന്‍ രേഖകളില്‍ തുക കുറച്ച് കാണിച്ചവര്‍ക്ക് അപ്പോഴും തിരിച്ചടിയാകാനാണ് സാധ്യത. അതേസമയം പൊളിക്കാനുള്ള കമ്പനികള്‍ക്ക് ഫ്ലാറ്റുകള്‍ കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കാനാണ് പൊളിക്കല്‍ നടപടിയുടെ ചുമതലയുള്ള സബ് കളക്ടര്‍ സ്നേഹില്‍ കുമാറിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. 25ന് മുന്നോടിയായി നടപടികള്‍ പൂര്‍ത്തിയാക്കി ഫ്ലാറ്റുകള്‍ കമ്പനികള്‍ക്ക് കൈമാറിയേക്കും.