കൊച്ചി മരടിലെ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന വിധിക്കെതിരെ ഉടമകൾ സമർപ്പിച്ച പുനഃപരിശോധന ഹരജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉച്ചക്ക് ചേംബറിലാണ് കേസ് പരിഗണിക്കുക. വിധിക്കെതിരായ റിട്ട് ഹരജികൾ കഴിഞ്ഞ ആഴ്ച ഇതേ ബഞ്ച് തള്ളിയിരുന്നു.
ജസ്റ്റിസുമാരായ അരുൺ മിശ്ര, നവീൻ സിൻഹ എന്നിവർ ഉച്ചയ്ക്ക് 1.40ന് ഹരജികൾ പരിഗണിക്കുക. ഹരജികൾ തുറന്ന കോടതിയിൽ കേൾക്കണമെന്ന ആവശ്യവും പരിഗണിക്കും. വിധിയിൽ പിഴവുണ്ടെന്നാണ് ഫ്ലാറ്റുടമകളുടെ വാദം. തീരദേശ നിയമം ലംഘിച്ചാണ് നിർമ്മാണം എന്ന, തീരദേശ പരിപാലന അതോറിറ്റിയുടെ കണ്ടത്തലിനെ ഹരജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. നിർമാണങ്ങൾ അനുവദിക്കപ്പെട്ടിടത്താണ് ഫ്ലാറ്റുകൾ സ്ഥിതി ചെയ്യുന്നത്. ഇക്കാര്യത്തിൽ തീരദേശ പരിപാലന അതോറിറ്റി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വിധിക്കെതിരെ ഉടമകൾ തന്നെ സമർപ്പിച്ച
റിട്ട് ഹരജികൾ ഇതേ ബഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഫ്ലാറ്റുകൾ പൊളിച്ചേ തീരൂ എന്നാണ് അന്നും കോടതി ആവർത്തിച്ചത്. കോടതിയെ കബളിപ്പിക്കാൻ നീക്കം നടത്തിയതിൽ അഭിഭാഷകരെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇന്ന് പുന പരിശോധന ഹർജികൾ പരിഗണിക്കുന്നത്. ആൽഫ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഹോളി ഫെയ്ത്ത് ബിൽഡേഴ്സ് ആൻറ് ഡെവലപ്പേഴ്‌സ്, ജെയിൻ ഹൗസിംഗ് ആന്റ് കൺസ്ട്രക്ഷൻ ലിമിറ്റഡ്, ഗോൾഡൻ കായലോരം റസിഡന്റസ് അസോസിയേഷൻ, കെ.വി. ജോസ് എന്നിവരാണ് ഹരജിക്കാര്‍.