India Kerala

മരട് ഫ്ലാറ്റുകള്‍ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു

മരടിൽ ഫ്ലാറ്റ് പൊളിക്കൽ നടപടിക്ക് തുടക്കമിട്ട് വിജയ് സ്റ്റീൽ കമ്പനി. ആൽഫാ സെറീൽ ഫ്ലാറ്റിൽ തൊഴിലാളികളെത്തി പൂജ നടത്തി. അതേ സമയം പൊളിക്കാനുള്ള കമ്പനികൾക്ക് അംഗീകാരം നൽകാനുള്ള നഗരസഭാ യോഗം പുരോഗമിക്കുകയാണ്.

ഇന്ന് രാവിലെയാണ് ആൽഫാ സെറീൻ ഫ്ലാറ്റിൽ തൊഴിലാളികളെത്തി പൂജ നടത്തിയത്. നിലവിൽ ആൽഫാ സെറീൽ ഫ്ലാറ്റ് പൊളിക്കുന്ന ചുമതല വിജയ് സ്റ്റീൽ കമ്പനിക്ക് കൈമാറാനാണ് സങ്കേതിക സമിതി ശുപാർശ ചെയ്തിരിക്കുന്നത്. മറ്റ് ഫ്ലാറ്റുകൾ എഡിഫൈഡ് കമ്പനിക്ക് കൈമാറാനാണ് ധാരണയായിട്ടുള്ളത്. അതേ സമയം ആശങ്കകൾ പരിഹരിക്കാതെയാണ് പൊളിക്കൽ നടപടി ആരംഭിച്ചതെന്ന് പരിസരവാസികൾ പറയുന്നു.

വരും ദിവസം ഇതിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും ഇവർ പറഞ്ഞു. അതേ സമയം പൊളിക്കൽ നടപടി ആരംഭിച്ചില്ലെന്നും ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറിയിട്ടില്ലെന്നും നഗരസഭാ സെക്രട്ടറി മുഹമ്മദ് അരിഫ് ഖാൻ വ്യക്തമാക്കി. കമ്പനികൾക്ക് അനുമതി നൽകാൻ ചേർന്ന നഗരസഭാ കൗൺസിൽ യോഗം പുരോഗമിക്കുകയാണ്. നഷ്ടപരിഹാരം നിർണയിക്കുന്നതിനുള്ള മൂന്നംഗ സമിതിയുടെ യോഗവും കൊച്ചിയിൽ പുരോഗമിക്കുകയാണ്‌. ഫ്ലാറ്റുടമകൾ സമിതിക്ക് മുന്നിൽ പരാതി സമർപ്പിച്ചു. മുഴുവൻ ആളുകൾക്കും 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നാണ് ഫ്ലാറ്റുടമകളുടെ ആവശ്യം.